രചന : ഷീല സജീവൻ ✍️
ഇന്നു നീഎത്തുമോ ഇന്ദുലേഖേ
ഇനിയും യാമങ്ങൾ ബാക്കി നിൽപ്പൂ
ഇന്നു നീയെത്തുകിൽ നമൊരുമിച്ചിരു –
ന്നിനിയും സ്വപ്‌നങ്ങൾ നെയ്തെടുക്കാം
ഇരുൾവീണ മഴമേഘയവനികയ്ക്കുള്ളിൽ നീ
ഇനിയുമുണരാതുറക്കമാണോ
പനിമതീ നിന്നെ ഞാൻ കാത്തിരിക്കാമിന്നു
പാർവതീയാമം കഴിയുവോളം
തരാഗണങ്ങളാം ആളിമാരോടൊത്തു
കേളിനീരാട്ട് കഴിഞ്ഞതില്ലേ
കുളികഴിഞ്ഞൊരു മഞ്ഞൾകുറിവരച്ചിന്നു നീ
മൃദുവദനയായ് മുന്നിലെത്തുകില്ലേ
ഇന്ദ്രസദസ്സിലെ ആഘോഷ രാവുകൾ-
ക്കിമ്പമായ് നീയെന്നും കൂടെയില്ലേ
ഇന്നു നീയെത്തിയെൻ നീല നിശീഥിനി
ഗന്ധർവ്വ രാവായി മറ്റുകില്ലേ
നിന്നെ പുതച്ചു പുലരുവോളം എന്റെ
ഗന്ധർവ്വ വീണയ്ക്ക് ശ്രുതി മീട്ടിടാം
നിന്നനുരാഗത്തിന്നോർമത്തുരുത്തിൽ ഞാ-
നൊരു മുളം തണ്ടുമായ് കാത്തുനിൽക്കാം
നീയാം സ്വരരാഗ സുധ മൂളി കാത്തിരിക്കാം
നിന്നെയണിയിച്ചൊരുക്കാൻ നിശാഗന്ധി
നറുമണം വീശി വിടർന്നുവല്ലോ
ഇന്നു നീയെത്തുമോ ഇന്ദുലേഖേ
ഇനിയും തീരാത്ത യാമങ്ങളിൽ
ഇല്ല, വരില്ലെങ്കിൽ വേണ്ട നിനക്കായ്
ഇതളുകൾ പൊഴിയാതെനോക്കിവയ്ക്കാം
നീയിനി വരുവോളം ഞാൻ കാത്തുവയ്ക്കാം