രചന : എൻ.കെ. അജിത്ത് ആനാരി✍️
ഉഷ്ണമൊഴിഞ്ഞുളള നാളുകളില്ലാ-
ത്തൊരുത്തവാദിത്വമമ്മ
വച്ചുംവിളമ്പിയും പട്ടിണി മാറ്റുന്നൊ –
രക്ഷയപാത്രമാണമ്മ
പെറ്റുപെരുകാൻ മയിൽപ്പീലിത്തുണ്ടിന്
ചൂടേറ്റുമെന്നതുപോലെ
കെട്ടിപ്പിടിച്ചു കിടന്നതാം ബാല്യത്തിൽ
പുസ്തകത്താളുപോലമ്മ
ഏറെജ്വലിക്കും നെരിപ്പോടതെങ്കിലും
ശീതമായ്മക്കൾക്കു മുന്നിൽ
താപങ്ങളാറ്റുന്നയത്ഭുത സിദ്ധിയായ്
മാറുവോളേവർക്കുമമ്മ
ചോരയും നീരും കുടിച്ചുവളർന്നു നാം
ഭൂമിയിലെത്തുന്ന കാലം
ക്ഷീരത്തിനൊത്താ ശരീരത്തെയൂഷ്മാ-
വുമേകി വളർത്തുന്നു നമ്മേ
ചൂട്ടാലെരിച്ചു തിളയ്ക്കുന്ന കഞ്ഞിക്കു
ചുട്ടെന്നപോലെന്നുമമ്മ
തന്നുറ്റമക്കൾക്കു പാകം വരുത്തിടാൻ
താനേയെരിഞ്ഞു തീരുന്നു
ആത്മാവുമൊത്തു തുടിക്കുന്ന ദേഹങ്ങൾ
നീളെ സ്മരിക്കേണ്ട നന്മ
ഭൂമിയിലമ്മയെപ്പോലെ മറ്റാരുണ്ടു
“ഭൂതം” മറക്കേണ്ട നമ്മൾ
ചേറ്റിൽ നിന്നെത്തവേ ചേർത്തുപിടിക്കുന്ന
തീർത്ഥസമം നന്മയമ്മ
മൂർത്തിയായാരുണ്ട് വേറെയീ ഭൂവിതിൽ
ചിത്തശ്രീകോവിലിലേറ്റാൻ?
കാതങ്ങൾതാണ്ടിപ്പറന്നു നാം പോകിലും
കാതിലായ് സംഗീതമമ്മ
ചാരെയില്ലെങ്കിലും ചാരാൻ നമുക്കുള്ള
തോളാകുമമ്മതന്നോർമ്മ!
ഉണ്ടായിരിക്കാം പിഴച്ച ജന്മങ്ങളായ്
മക്കളീ ഭൂവിതിലേറെ
ഉണ്ടായിരിക്കും ജനിപ്പിച്ച മക്കളെ
കൊന്നുതള്ളുന്നവർച്ചുറ്റും
എങ്കിലും ഓർമ്മയിലെന്നും നമുക്കായി
ധീരയാകുന്നവളമ്മ
താങ്ങും തണലതും നല്കേണ്ട കൈകളായ്
മാറണം മക്കളേ നിങ്ങൾ !
അമ്മതന്നംഗുലി ചുറ്റിപ്പിടിച്ചു കൊണ്ട –
ങ്കണം തന്നിൽ നടന്നോർ
അന്ത്യകാലങ്ങളിലമ്മയെക്കാത്തിടാ-
നന്തിച്ചു നില്ക്കുന്നുവെന്നോ?
വസ്ത്രാഞ്ചലത്തിൽപ്പിടിച്ചുനടന്നവർ
വിസ്മരിച്ചീടുന്നതെന്തേ
വിസ്താരലോകത്തിലാദ്യത്തെ നാളുകൾ
മൃഷ്ടാന്നമാക്കിയോളമ്മേ…
ചോരാതിരിക്കട്ടെ നമ്മളിൽ നിന്നുമാ
തീരാത്ത മാധുര്യസ്നേഹം
തീരാതിരിക്കട്ടെ കാരുണ്യധാരകൾ
കാലങ്ങളോളവും മണ്ണിൽ