പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയില്‍. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തിലടക്കം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കി. കൂടുതല്‍ കേന്ദ്രസേനയെ ദില്ലിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ എന്ന നിലയില്‍ ജമ്മു കശ്മീര്‍ മേഖലയിലടക്കം 10 വിമാനത്താവളങ്ങളാണ് ഇന്ത്യ അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ,ജോധ്പൂര്‍, ഭുജ്, ജാം നഗര്‍, ചണ്ഡിഗഡ്, രാജ് കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേയ്ക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,സ്‌പൈസ് ജെറ്റ് വിമാനസര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിട്ടുള്ള ഇന്ത്യയുടെ ആക്രമണത്തിനായി ഉപയോഗിച്ചത് സ്‌കാല്പ് മിസലുകള്‍. 9 ഇടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്പ് മിസലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ആക്രമണത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന.

റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നും തൊടുത്ത ക്രൂയ്‌സ് മിസലുകളാണ് പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടം മാത്രമാണിതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറുപടിയായി അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന ഷെല്ലാക്രമണത്തില്‍ കശ്മീര്‍ അതിര്‍ത്തിയിലെ പ്രദേശവാസികളായ 3 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിന് ശക്തമായ മറുപടി നല്‍കുമെന്നും സൈന്യം അറിയിച്ചു.

പാകിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയ സാഹചര്യത്തില്‍ യുദ്ധം ഉള്‍പ്പെടെ നേരിടാന്‍ സാധാരണക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ഇന്ത്യയിലുടനീളം മോക്ഡ്രില്‍ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജവ്യാപകമായി മോക്ഡ്രില്‍ നടത്തിയത്. രാജ്യത്തെ 244 ജില്ലകളിലാണ് മോക്ഡ്രില്‍ നടന്നത്. കേരളത്തില്‍ 14 ജില്ലകളിലായി 126 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. യുദ്ധസാഹചര്യമുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കുന്നതിനാണ് മോക്ഡ്രില്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നിരവധി ജനങ്ങളാണ് കേരളത്തില്‍ മോക്ഡ്രില്ലിന്റെ ഭാഗമായത്.

By ivayana