അച്ഛനും മക്കൾക്കുമന്നം വിളമ്പുവാൻ
അമ്മ പെടുന്ന പെടാപ്പാടെന്തൊക്കെയാ..!
അതിരാവിലെ കുളിച്ചു പ്രാർത്ഥിച്ചുടൻ
അടുക്കള പൂകുമെൻ്റമ്മ നിത്യേന

അടുപ്പത്തു വിറകുകൾ ചേർത്തുവെയ്ക്കും
അടുപ്പിലേക്കൊരു കലം വെള്ളം വെയ്ക്കും
ഒരുപിടി ചൂട്ട് ചുരുട്ടിയെടുത്തതിൽ
ഒരു തീപ്പെട്ടിക്കോലങ്ങുരച്ചു ചേർക്കും

ഒരുമാത്രയെന്തോ മനസ്സിൽ ധ്യാനിക്കും
ഒരു മണ്ണടുപ്പിലേയ്ക്കാ തീ കൊളുത്തും
പുകപടരുന്നോരടുപ്പിൽ പിന്നെയും
പുകയേറ്റുവാങ്ങി തീയൂതിപ്പടർത്തും

പുകയേറ്റുനിറയുമാ കൺകൾ തുടയ്ക്കും
പുന്നെല്ലരി കഴുകിക്കലത്തിൽ തൂകും
അച്ഛനും ഞങ്ങൾക്കും കാപ്പി തരും പിന്നെ
അടുത്തയടുപ്പിൽ പ്രാതലുണ്ടാക്കലായ്

അതിരാവിലേ കുളിച്ചെത്തുന്ന നേരം
അമ്മ വാത്സല്യത്തോടെ പ്രാതൽ വിളമ്പും
പള്ളിക്കൂടങ്ങളിൽ പോകുന്ന ഞങ്ങൾക്കോ
പൊതിച്ചോറു വെവ്വേറേ പൊതിഞ്ഞുവെക്കും

പാടത്തു പണിയെടുക്കുന്ന പതിക്കായ്
പാത്രത്തിൽ കഞ്ഞീം കറിയുമായി പോകും
അടുക്കളപ്പണിയൊക്കെ തീർത്തശേഷം
അവിടിരുന്നൊരു ദീർഘനിശ്വാസമായ്..!

By ivayana