ഉറങ്ങൂ നിങ്ങൾ
അതിർത്തിയിൽ ഞങ്ങളുണ്ട്
ആത്മധൈര്യം തരുന്നു ഞങ്ങൾ
രാത്രിയിൽ ഉണർന്നിരിപ്പൂ
ഉറങ്ങുക കാവൽ ഞങ്ങൾ
വാക്കു തരുന്നു ഞങ്ങൾ
ഉരുക്കിന്റ കോട്ട പോലെ
വിരിമാർ വിരിച്ചു നിൽപ്പൂ
രാത്രി ഉറങ്ങൂ നിങ്ങൾ
മഞ്ഞു മലകളിലും കൊടും
കാടിന്റെ നിഗൂഢതയിലും
കാവലായ് ഞങ്ങളുണ്ട്
രാത്രി ഉറങ്ങൂ നിങ്ങൾ
കാറ്റും മഴയും ചുട്ടു
പൊള്ളുന്ന വെയിലിൽപ്പന്തവും
ഏറ്റു വാങ്ങുന്നു ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ
മുകളിൽ മിന്നുന്ന നക്ഷത്രങ്ങൾ
കണ്ണിന്നു കൗതുകങ്ങൾ
നോക്കി നിൽക്കില്ല ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ
ഉറ്റവർ ഉടയവർ എല്ലാം
ഉള്ളിന്റെ ഉള്ളിൽ മാത്രം
ഉള്ളം തുറക്കില്ല ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ
മോഹങ്ങൾ ദൂരെ നിർത്തി
സേവനം മുദ്രയാക്കി
കർമ്മ നിരതർ ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ
പൂർവ്വികർ ഞങ്ങളുടെ
വീര യോദ്ധാക്കൾ ജന്മ
നാടിനു ജീവൻ ത്യാഗം
ചെയ്തതോർക്കുന്നു ഞങ്ങൾ
ജീവൻ ത്യജിക്കാനുള്ള
ശപഥം ചെയ്യുന്നു ഞങ്ങൾ
കാവൽ നിൽക്കുന്ന ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ
വാക്കു തരുന്നു ഞങ്ങൾ
രാത്രി ഉറങ്ങൂ നിങ്ങൾ……

മോഹനൻ താഴത്തേതിൽ

By ivayana