രചന : അജിത്.എൻ.കെ.ആനാരി ✍
ആത്മജ്ഞാനത്തിന്റെ പുസ്തകത്താ –
ളിൽഞാനായിരംവട്ടം തിരഞ്ഞുനോക്കി
ആകാരസൗഷ്ഠവംപോലെ നിറങ്ങളും
രൂപപ്പകർച്ചകൾ നല്കും വിധം !
രൂപമുണ്ടാകുകിലാകുമോ പൂർണ്ണത,
പൂർണ്ണതയ്ക്കൊത്ത നിറങ്ങൾ വേണ്ടേ
ഓരോന്നിനും നിറം ചേർത്തുവച്ചീശനീ
രൂപഭാവങ്ങൾ വ്യതിരിക്തമായ് !
ഓരോനിറത്തിന്റെ ഭാവങ്ങൾ മസ്തിഷ്ക –
മേറുംമുറയ്ക്ക് നാം വേർതിരിച്ചാനിറം’
ചേതനയുള്ളിൽ നിറയ്ക്കുന്ന ഭാവങ്ങ –
ളോരോതരത്തിൽ നാമെണ്ണിവച്ചു!
കണ്ണിന്റെ സൂക്ഷ്മതലങ്ങളിൽ കാഴ്ചയ്ക്ക്
നിർമ്മലമായ നിറങ്ങളെ പ്രജ്ഞയിൽ
ഉല്ലേഖനം ചെയ്തു ചേർത്തുവച്ചീടുവാ-
നുത്സാഹമങ്ങനെയേറ്റുന്ന വേളയിൽ.,
കണ്ണിലൂടെത്തിത്തലച്ചോറിനാനന്ദമൊട്ടു –
മേകാത്ത നിറങ്ങളെ സംഗ്രഹിച്ചൊന്നു –
മറിയാതെയന്യഥാവല്ക്കരിച്ചൊട്ടു ദൂര-
ത്തേക്ക് മാറ്റിനാമെന്തിനോ…
മെല്ലെവെറുക്കാൻ തുടങ്ങീയിരുട്ടിനെ
പിന്നെയിരുട്ടിന്റെ വർണ്ണംകറുപ്പിനെ
പിന്നെക്കറുത്തതിനൊക്കെയും ന്യൂനത –
യെങ്ങനെയൊക്കെയോ കല്പിച്ചു നാം വൃഥാ
കാവ്യവും, ശ്ലോകവുമേറെച്ചമച്ചു നാം
നീങ്ങുവാൻ രാവുമാരാവിൻ നിറങ്ങളും
രൂഢമായുള്ളിൽ തെളിച്ചു വിദ്വേഷത്തി-
നായിരം കത്തുന്ന പന്തങ്ങളായവ !
കാരമുള്ളൊക്കുമാ വിദ്വേഷഭാവത്തെ-
യേറെത്തലമുറമെല്ലെപ്പകർന്നു നാം
ക്രൂരതയ്ക്കാനിറം വച്ചുകെട്ടീ പിന്നെ,
ക്രൂരതയേറെയായ് ചെയ്തു പോന്നൂ
വർണ്ണങ്ങളിൽ നല്ലവർണ്ണം ഹരിതത്തെ-
യെന്തിനോ വേണ്ടിപ്പകുത്തെറിയുന്നിതാ
വർണ്ണക്കൊടികൾ പിടക്കും കരങ്ങളെ
വർണ്ണത്തെനോക്കി ഹനിക്കാൻ പഠിച്ചു നാം
യോഗിക്കുകാവി പുതപ്പിച്ചു പിന്നെയോ
ഭോഗിക്ക് ശോണിമ കല്പ്പിച്ചു നല്കിയോർ
സത്യമോ,ശുഭ്രമെന്നുള്ളിൽ പറഞ്ഞിട്ട്
നിത്യം കറുപ്പിനെ വേട്ടയാടുന്നവർ !
വർണ്ണവിദ്വേഷ വെറിക്കൂത്ത് കാട്ടിയീ
മണ്ണിലനേകരെ കൊന്നെറിയുന്നവർ
ഉള്ളിൽവസിക്കുന്നയീശനും വർണ്ണത്തെ-
യെന്നും പുരട്ടിയൊരുക്കുന്നു സ്വാർത്ഥമായ്
ആത്മജ്ഞാനത്തിന്റെയാഴത്തിലെത്തണ-
മേഴുവർണ്ണങ്ങളതൊന്നായിയേകമാം
ഏകചക്രത്തെത്തിരിക്കുന്ന നല്ക്കാഴ്ച –
യേവരും കാണണം, രമ്യമാണാക്കാഴ്ച!
