രചന : സുരേഷ് പൊൻകുന്നം ✍️
കവിത കാതിലും മനസ്സിലും
മധു മഴ പൊഴിക്കുന്നു
കൊഴിഞ്ഞു വീണയിലകളെ
തഴുകി സാന്ത്വനിപ്പിക്കുന്നു,
പ്രണയ സായന്തനങ്ങളിൽ
വർണ്ണ നിറച്ചാർത്തൊരുക്കുന്നു.
ചെറുമഴയിൽ ചികുരഭാരങ്ങൾ
നനഞ്ഞീറനായവൾ വരുമ്പോൾ
കവിഭാവനയുടെ മദമിളകുന്നു,
കവിത,
ചൊൽക്കാഴ്ചയിടങ്ങളിലിടിമുഴക്കം
തീർക്കുമ്പോൾ, കരഞ്ഞ കണ്ണുമായി
നഗരവീഥികളിൽ മരിച്ചുവീഴുന്ന
കിടാങ്ങളെ മറന്നു പോകരുത്,
തെരുവോരങ്ങളിലിടിമുഴക്കം
തീർത്തിന്ത്യ തിളച്ചുവേവണം
കവിയുണരണം, ജ്വലിക്കണം കവിത,
കാലം മറന്നു പോയ
സങ്കടച്ചാലിലൂടൊഴുകണം,
കവിതയല്ലെങ്കിലപൂർണ്ണം.
അടിമയായവർ നുകം വലിച്ചത്
മറന്നുകൊണ്ടെന്തു കവിത,
മുല മുറിച്ച നങ്ങേലിയെ
മറന്നുകൊണ്ടെന്തു കവിത,
ദരിദ്രരായവർ പട നയിക്കുമ്പോൾ,
ഇരുളിലേക്കൊരു ജനത
അടിച്ചോടിച്ചടി,ച്ചമർത്തപ്പെടുമ്പോൾ,
കവിത,
നീണ്ടിരുണ്ടിടനാഴിയ്ക്കപ്പുറം
പ്രകാശമായ് ജ്വലിച്ചു നിൽക്കണം.
