കവിയും നടക്കുന്നു,
ഇരുൾവാണ പാതകളി-
ലെരിയുന്ന പന്തമതി,
ലുയിരിൻ്റെ തീവെട്ടമായ്
കവിയും നടക്കുന്നു
വെറിപൂത്തവാടികളിതി-
മോദവർണ്ണമതിലലിവാർന്ന
സ്നേഹനിറവായ്
കവിയും നടക്കുന്നു
വ്യഥയുണ്ടു വീഴുമവളവശം-
കരഞ്ഞഴുറിയലറുന്ന ജീവഗതി,
യവസാനനാഴികയിലുയരും
പ്രതീക്ഷയുടെ പുതുകാല വിപ്ലവ-
ത്തിരിയും വഹിച്ചുകൊണ്ടുലയാ-
പ്രകാശമാവാൻ!
കവിയും നടക്കുന്നു
മരവിച്ച മാംസമതി-
ലഴുകുന്ന വേദനയി-
ലെഴുതുന്ന വാക്കുകളുമായ്
അറിവായ വേദമതി
നിറവാർന്ന സംസ്കൃതിയെ
വെറി പൂണ്ട വേഴ്‌ചയുടെ –
യതിക്രൂരശൂലമുന
കരളിൽ കൊരുത്തമദ-
മതജാതി ചിന്തകളെ
തെരുവിൽ തളച്ച വഴിയേ…
പ്രണയപ്പെരുങ്കവിത-
യെഴുതുന്ന ക്രൗഞ്ച-
മിഥുനങ്ങൾക്കു മീതെ-
യുയിർനാശമെയ്തിട്ടൊ
രസ്ത്രമതിലുറയും
വിശപ്പുവിളികേൾക്കാത്ത –
യാദികവിയുരുവിട്ട –
ശാന്തി ഗതിയേ…
സ്വരവർണ്ണ ശോഭകളെ
ലയതാള മാധുരിയെ
വെയിലിൻ്റെ തേരുകളെ
മഴവീഴ്‌ത്തുമാർദ്രതയെ
കടലിൻ്റെ നോവുകളെ
ധര തേടുമോർമ്മകളെ
മഴവില്ലകമ്പടിയെ
പ്രണയപ്പെരുമ്പറയെ
വിരിവൊത്ത കാഴ്ചകളെ
പകരുന്ന ചിത്രമെഴുതാൻ…
കവിയും നടക്കുന്നു…
പിന്നിട്ട പാതകളിൽ
പതിയുന്ന കാൽവടിവു-
മായ്ക്കാത്ത വാക്കുവഴിയേ !
കവിയും നടക്കുന്നു
കവിയുന്ന രോഷമൊടു
നിലതെറ്റി, തീപ്പെട്ട
ചിന്തകൾക്കുയിരേകി
പൊതുബോധമേറാത്ത
കുന്നുകളിലിരവിന്റെ,
പകലിന്റെ മുറിവിൽ
നിണപ്പാടുമായ്ക്കാൻ
കവിയും നടക്കുന്നു
കിതയ്ക്കുന്ന വാക്കിൽ
തലോടലായ് സാന്ത്വന-
ത്തുണയായി നേരിന്റെ
വാഗ്ദാനമായരിയ പ്രണയ-
ത്തിനോർമ്മപ്പെടുത്തലായ്
കവിനിന്നുമൂകം വിതുമ്പുന്നു
നാളേയ്ക്കു പുതിയപ്രണയ
പ്രകാശക്കിരണമിങ്ങെത്തു-
മെന്നോർത്തു മനസ്സിൽ
ചിരിക്കുന്നു…
കവിയും കവിതയും!
,🔺

By ivayana