കിനാവുകൾക്കായ്
ഇനി കാത്തിരിക്കേണ്ട
രാത്രിയുടെ
ഇരുളിനെ ഇനി നീ
ഭയക്കേണ്ട
ഏകാകിയായി
നീയുറങ്ങു മകളേ
സ്വപ്‌നങ്ങൾ നിറഞ്ഞ
ആകാശക്കോണിൽ….
രക്ത മയം പൂണ്ട
വിയർപ്പുത്തുള്ളികൾ
ഇനി നിന്റെ മേനിയെ
വേദനിപ്പിക്കില്ല
കുസൃതി നിറഞ്ഞ നിൻ
പവിഴചുണ്ടുകളിൽ
ഇനിയൊരു വിഷവും
ഇറ്റുവീഴില്ല….
പുറം മേനി കാട്ടിയ
സ്നേഹത്തിലൊളിപ്പിച്ച
കത്തുന്ന കാമത്തിന്
ഇനി നീ ഇരയാകേണ്ട
ഗദ്ഗദം ഉള്ളിലൊതുക്കി
നീ പുഞ്ചിരി തൂകേണ്ട…
ഉറങ്ങുക മകളേ നീ
അസ്വസ്ഥത നിറഞ്ഞയീ
ലോകത്തിൽ നിന്നും
മുക്തി നേടിയ
ആത്മസന്തോഷത്താൽ…!!!
…✍️

ജോളി ഷാജി

By ivayana

Leave a Reply

Your email address will not be published. Required fields are marked *