ഞാൻ
മലനാടിൻ്റെ പൂർവ്വ കാലത്തിൻ പിൻമുറ!
തൊലിക്കറുപ്പിന് വരേണ്യത യേകിയ,
രാജകുലാധികാര
ചരിത്രത്തുടർച്ച!
വയനാടൻ
പ്രജാപതിമാരെ
ന്നൊരഭിമാന കുലീനത!
ആര്യാവർത്ത വാസികളിലെ
ശ്യാമവർണപ്പകർച്ച !
അനാര്യനുമൊരാര്യനെന്ന
പുകൾകഥാകഥനം !
കുറുമ്പ്രനാടിന്നധിപതി
മാരുടെ ചതിയിൽ,
കുലം മുടിഞ്ഞ ചരിതത്തിന്,
കണ്ണീരുപ്പിൻ്റെ
വിലാപതാളം!
വേടരാജാക്കളെന്ന പദത്തിനെ
തല്ലിപ്പൊളിച്ച് അതിന്
സവർണാഖ്യാനം നൽകി
വീരഗാഥയാക്കിയ,
ദ്രാവിഡപതന
ആര്യാധികാരാധിനിവേശ ക്രൂരത!
തോട്ട്മീൻ പിടിക്കുവാൻ ഒറ്റാലെറിഞ്ഞവരും,
കാട്ടുമാംസത്തിൻ്റെ ചുട്ട ഗന്ധം നുണഞ്ഞ് പശിമാറ്റുവാൻ
നായാടിയവരുമുണ്ട,വരില-
വരുമെൻ്റെ, മുൻമുറ!
മേത്തനാം ടിപ്പുവിനവർ
പട്ടാളനായകർ, പോരാളികൾ!
രാജാസ്ഥാനപദവികൾ
പതക്കങ്ങൾ !
‘കൂരി’യെങ്ങക്കു’നുണ’,
‘സ്വല്പ’ മെന്നത് കിഴൂരിയും!
വ്യവഹാര ഭാഷാപദങ്ങളിങ്ങനെ,
മാലയാള ശബ്ദതാരാവലിത്താളി –
ന്നലങ്കാരാകർഷണ
പ്രകാര പദവി രൂപം!
സിലോൺ കടലാഴങ്ങളിലൂടെ
മൺവേരു നീണ്ടിങ്ങു
വയൽ നാടുമണ്ണിൻ്റെ
മുകളിൽ കിളിർത്തവർ!
പോരാട്ട ജ്വാലയിൽ ജ്വലിച്ചവർ !
വേട്ടുവർ, വെട്ടുവർ, വേടവർ, വേടർ……
നാനാർഥ മുദ്രകൾ
തമിഴിലും മലയാള നാടിന്തളത്തിലും!
രാജ്യ പാരമ്പര്യമുദ്രകൾ !
രാജ്യാധികാര നാളുകൾ!
പോരാട്ടവീര്യപ്പാതകൾ!
എല്ലാം മറച്ച് കെട്ടി
അവഹേളന പദപ്രാസ പ്രസംഗികൾ
നാടു നിറഞ്ഞാൽ
പഴയ പോരാട്ടവില്ലിൽ, പദങ്ങളാൽ പ്രതികാരം കുലച്ച,വരുടെ
മാറു തുളക്കാൻ
പുതുവേട മുറയായിവിടെ
ആളുണ്ടാളുകളുണ്ട്…..
ഓർക്കുക!
പേടി, പെപ്പിടി, പിത്തളാട്ടങ്ങൾ
അവിടെ വച്ചേക്കുക
കയ്യിലിരിക്കട്ടെ!
കലുഷ വിഷവാക്ക് കൊണ്ട്
തമ്മിൽ കലഹകയ്യേറ്റ
ക്കുഴപ്പത്തിനായ്
മന:പ്പായസം കണ്ട് നടക്കുന്ന കൂട്ടരേ….
മാറി നിൽക്കുക …..
മാറി നടക്കുക….!
മാനവ സംഘാംഗ ശക്തിയിൽ
ഞങ്ങളും…..!
മുന്നോട്ട് മുന്നോട്ട്…
പിന്നെയും മുന്നോട്ട്….!
പിന്തിരിയാതെ…..
പിരിയാതെ…… മുന്നോട്ട്!

By ivayana

Leave a Reply

Your email address will not be published. Required fields are marked *