രചന : അനൂബ് ഉണ്ണിത്താൻ തിരുവനന്തപുരം ✍
മാരിപെയ്യുകയാണസ്യൂതം
കുളിരു ചൊരിയുന്നു നീഹാരാർദ്രമായ്
മൽപ്രിയേ നീയരികിലുണ്ടെങ്കിലോ –
യെന്നൊരുമാത്ര ഞാനോർത്തുപോയി …
നിന്നോർമ്മകളേകുമായിളം ചൂടെനിക്കു
നീരാളമാകുന്നപോൽ
പ്രകൃതി വർഷമേഘാൽ കൂരിരുട്ടിൽ മുങ്ങവേ
കാഞ്ചനദ്യുതിപാകി നിന്നാനനം …
നിൻ സ്മരണയിൽനനഞ്ഞ ചുംബനം പോൽ
ശബളിതമാമൊരു പുലർകാലമാഗതമായ്
അന്നു നിന്നെ പുണർന്നനേരമേതോ
മായാലോകത്തെ നവഗന്ധം നുകരവേ…
ചന്ദനപ്പൂങ്കുളിർക്കാറ്റായും മന്ദാരച്ചില്ലയിൽ
ചുറ്റി വളഞ്ഞൊരു പിച്ചകപ്പൂങ്കുലയായും
കല്യാണസൗഗന്ധികപ്പൂ ഗന്ധമായും
തവഗാത്രം പുണരവേ ഞാനതറിഞ്ഞു സഖി ….
ഗഗനം നിറഞ്ഞൊഴുകും വർഷം,
നിന്റെ കാർക്കൂന്തൽ നനഞ്ഞു തുള്ളിയിറ്റും
പോൽ തോന്നുമാറങ്ങനെ അല്പാല്പമായ് താളത്തിൽ
കുറയുമാക്കാഴ്ച്ചയുമെത്ര തേജോഹരം …
ചെന്താമരമലർപ്പൊയ്കയിൽ താരിനെ
ചുംബിച്ചു നിർത്തുള്ളികൾ
പ്രേമാർദ്രമായവ സൂര്യനെ തേടി
മേഘാവൃതമാം വാനിൽ മിഴിയുയർത്തവേ ….
എങ്ങോവിശ്രമാൽ അരുണൻമറഞ്ഞുനിൽപ്പൂ
ഹാ വർഷമേഘമേ ഇനിയും പെയ്തൊഴിയുക…