യാത്രയതൊന്ന്, പൂർത്തിയാക്കാതെ,
പോയൊരൊടുങ്ങാത്തയാത്ര,
മടങ്ങി വരുമെന്ന വാക്കിൻ ചിറകുകൾ
തളർന്നു വീണൊരന്ത്യയാത്ര.
ഏത് കൈവഴികളിൽ പിഴച്ചു നമ്മൾ?
എവിടെയീ ദുരന്തത്തിൻ വേരുകൾ?
മുന്നൂറ് ജീവനുകളല്ലിവർ,
മുന്നൂറ് പ്രകാശഗോപുരങ്ങൾ,
മുന്നൂറ് കുടുംബത്തിൻ കണ്മുന്നിൽ
കെട്ടുപോയ സ്വപ്നങ്ങൾ,
മുപ്പതിനായിരം പ്രതീക്ഷതൻ
ചിറകൊടിഞ്ഞ പൂത്തുമ്പികൾ.
വികസിതരെന്ന് നാം വീമ്പിളക്കുമ്പോൾ,
കണ്ണീരുപ്പുരുചിയുള്ളീ ചോദ്യങ്ങൾ:
ആവശ്യങ്ങളല്ലോ ആവിഷ്കാരങ്ങൾതൻ സൃഷ്ടി,
അണയാത്ത അഗ്നിപോലെയാണാവിഷ്കാരങ്ങൾ.
പിന്നെന്തേ, തകരാത്തൊരു
വിമാനമെന്നൊരു സ്വപ്നം വിദൂരമായ്?
അതോ, കാശു കൊടുത്തിനിയും
മരണത്തെ വാങ്ങിക്കും കാലമോ?
ഒരു യാത്ര… അതൊരു യാത്രായല്ല,
ഓർമ്മതൻ ചാരത്തിൽ
എരിഞ്ഞടങ്ങുമൊരന്തിമയാത്ര.

രഞ്ജിത് എസ് നായർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *