രചന : രാജു വിജയൻ ✍️.
ഞാനുണരുന്ന മണ്ണിലെന്നച്ഛൻ
എന്നുമുണരാതുറങ്ങിടുന്നു…!
ഞാനുറങ്ങുന്ന നേരത്തുമച്ചൻ
ഒന്നുമറിയാതുറങ്ങിടുന്നു…!
ഞാണു പോലെ ഞാൻ വിങ്ങിടും നേരം
ഞാറ്റു പാട്ടായുണർത്തിയോന്റെ
ചുറ്റിനുമിന്നുലയുകയല്ലോ
ഞാറ്റു മുൾപടർപ്പാകവെയും..!
കൊച്ചു കിന്നാരമോതുവാനെത്തും
രാക്കുളിർ മഴ പെയ്ത്തുകളിൽ
ഒട്ടുനേരമെന്നുൾത്തടക്കാടും
പൊട്ടിടുന്നുണ്ടറിഞ്ഞിടേണം…!
ഒന്നു കാണുവാൻ മാത്രമെന്നച്ചൻ
ഒന്നരികത്തിരിക്കുവാനും,
തെല്ലുനേരം കയർപ്പതു കേട്ടാ –
തേൻ മൊഴിച്ചിരി കാണുവാനും
ആവുമോയെനിക്കീയൊരു ജന്മം
ആ തണലിലുറങ്ങുവാനും
ആർദ്രമായൊരാ സ്നേഹമലരിൻ
അമ്പിളിക്കുളിരേൽക്കുവാനും
എന്നുമെന്നുയിർ മൺ കൂടിനുള്ളിൽ
എന്നുമെന്നും കൊതിക്കുന്നു ഞാൻ..
ഏറെ ദാഹമുണ്ടെങ്കിലുമൊന്നും
വന്നു കാൺമതില്ലറിഞ്ഞിടുന്നു..!
സന്ധ്യ പാഞ്ഞിടും നേരത്തുലകം
പൊൻ പ്രഭയിൽ കുളിച്ചിടുമ്പോൾ
സങ്കട സന്ധ്യ പേറുമീ ജന്മം
ആ നിനവിലുരുകിടട്ടെ…!!
