ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പ്രണയിക്കപ്പെടുമ്പോൾ
അയാളെന്റെ
ആകാശമാവുന്നു,
കടലാവുന്നു,
ഭൂമിയാവുന്നു.
അലസമായിരിക്കുമ്പോഴെന്റെ
മുടിയൊതുക്കുന്നു
പൊട്ടു തൊടീക്കുന്നു
പൂ ചൂടിയ്ക്കുന്നു.
കൈകൾ ചേർത്ത്
പിടിയ്ക്കുമ്പോഴെന്റെ
പ്രാണനാവുന്നു
പ്രണയമാവുന്നു.
നെറുകയിൽ
ചുംബിക്കുമ്പോഴെന്റെ
ആത്മാവിൽ പച്ച കുത്തുന്നു.
വിഷാദത്തിന്റെ
കൊടുമുടികയറുമ്പോൾ
അയാളെനിക്ക്
പാട്ട് പാടിതരുന്നു
മടിയിലുറക്കുന്നു
ഉമ്മവയ്ക്കുന്നു.
പ്രണയിക്കുമ്പോൾ
അയാളെന്റെ കണ്ണുകളിലേക്ക്
നോക്കുന്നു
കടലാഴമളക്കുന്നു.
അയാളില്ലാതെ പറ്റില്ലെന്ന് പറഞ്ഞു
പറഞ്ഞ്
ഓരോരാവും
അയാളിലേക്കുണരുന്നു
അയാളിലസ്തമിക്കുന്നു.

രേഷ്മ ജഗൻ

By ivayana