തോരാമഴ പെയ്യും നേരത്തല്ലോ
പഞ്ചാരമിഠായി തന്നിടാമെന്നോതി
ഉമ്മറത്തിണ്ണയിലിരിക്കും കുഞ്ഞാവയെ
കുഞ്ഞിവല്യച്ഛനടുത്തിരുത്തി.
പഞ്ചാരവർത്താനം ചൊല്ലുന്നതിന്നിടെ
കുഞ്ഞുമയക്കത്തിലായിപ്പോയി
ഒട്ടു കഴിഞ്ഞിട്ടെണീറ്റ നേരം
കുഞ്ഞുടുപ്പെല്ലാമേ കീറിപ്പോയി!
സങ്കടമേറിക്കരഞ്ഞ നേരം
പുത്തനുടുപ്പൊന്നു കയ്യിൽക്കിട്ടി!
കുഞ്ഞു വളർന്നുതുടങ്ങിയല്ലോ..
പുത്തനുടുപ്പുകളേറി വന്നു…
കുഞ്ഞിപ്പെണ്ണങ്ങു വലുതായല്ലോ
കണ്ണിൽ തിളക്കമേയില്ലയല്ലോ
കുഞ്ഞിളംപുഞ്ചിരി മാഞ്ഞുവല്ലോ
പേക്കിനാ കണ്ടുഭയന്നപോലെ
രാവും പകലും കരഞ്ഞു പൈതൽ
കുഞ്ഞുവയറത് പൊങ്ങിവന്നു
കുഞ്ഞുടുപ്പിന്നുള്ളിൽ കൊള്ളാതായി
കൂടി നിന്നോരെല്ലാം കല്ലെറിഞ്ഞു
മുന്നിലായ് കുഞ്ഞിവല്യച്ഛനുണ്ട്.
വെട്ടരിവാളൊന്നെടുത്തു പെണ്ണ്
വെട്ടി വീഴ്ത്തി കുഞ്ഞിവല്യച്ഛനെ
ലിംഗച്ഛേദം ചെയ്തു തൃപ്തയായി.
ആർത്തട്ടഹസിക്കും മഴയെ നോക്കി
പൊട്ടിച്ചിരിച്ചവൾ തെല്ലുറക്കെ .
കണ്ടവർ കണ്ടവർ ഏറ്റു ചൊല്ലി
പ്രാന്തത്തിപ്പെണ്ണിവൾ പേടിക്കണം.
കുഞ്ഞുമനം കട്ടിയാക്കിയിട്ട്
പെണ്ണവൾ ചൊല്ലി ഞാൻ ഭ്രാന്തിയെന്ന്
ഏറ്റുചൊല്ലാൻ നിങ്ങളർഹരാണോ?
ഏൽക്കുമോ നിങ്ങളീ പാപകർമ്മം?

ശ്രീലത രാധാകൃഷ്ണൻ

By ivayana