ആസുരതാണ്ഡ വമാടുന്നുണ്ടിവിടെ
നിരോധിത ലഹരിതൻ വ്യത്യസ്തമൂർത്തികൾ
യുവതതൻ മനസ്സിൻ്റെ ഉള്ളറകളിലവർ
സംഹാര താണ്ഡവമാടുന്നുണ്ടങ്ങിനെ
നിറമില്ലാ മണമില്ലാ ലഹരികളുടനീളം
കുടുംബം തകർത്തിട്ട് മുന്നേറുകയാണിപ്പോൾ
ബാല്യകൗമാരവും യുവതയുമൊക്കെ
ലഹരിതൻ എരിയുന്ന തീയ്യിൽപ്പെട്ടിട്ട്
ഈയ്യാംപാറ്റപോൽ പൊലിയുകയാണല്ലോ…..
രാജ്യത്തിൻ ഭാവിതൻ വാഗ്ദാനങ്ങളാം
ബാല്യകൗമാരങ്ങളും യുവതയുമിവിടെ
വിഷച്ചോറു നിറഞ്ഞോരു തലച്ചോറുമായി
അക്രമകാരികളായ് മാറുന്നുവല്ലോ
നിത്യവും വാർത്തകളിലിടം പിടിച്ചീടുന്നു
നിരോധിത ലഹരിതൻ അടിമകളായുള്ള
യുവതതൻ ക്രൂരമാം അക്രമവാർത്തകൾ …
ഏഴാം തരത്തിൽ പഠിക്കുന്ന ബാലിക
ലഹരിതൻ അടിമയായ് മാറിയെന്നുള്ളോരാ
വാർത്തയന്നൊരുദിനം മാധ്യമങ്ങളിൽ കണ്ട്
ഇന്നത്തെ ബാല്യത്തിൻ ദുരവസ്ഥയോർത്തിട്ട്
ഒരുപാടു ചിന്തിച്ചിരുന്നു പോയാ ദിനത്തിൽ …
ലഹരിതൻ മായിക വലയത്തിൽ പെട്ടിട്ട്
സഹപാഠി തന്നുടെ മുതുകത്തായിട്ടവൻ,
കോമ്പാസു കൊണ്ട് കോറിയിടുന്നുണ്ട്
ഒട്ടുമേ സങ്കോചമില്ലാ മനസ്സുമായ്
ഗുരുനാഥനെയും അച്ഛനമ്മമാരെയും
സഹോദരി സഹോദരൻമാരെയുമൊന്നും
ലഹരിതൻ മത്തിൽ തിരിച്ചറിയാതെ
ക്രൂരമായ് കൊലചെയ്യുന്നുണ്ടല്ലോ നമ്മുടെ
നവയുഗ സാക്ഷര സുന്ദര നാട്ടിൽ …….
ഇത്രയും ക്രൂരനാം രാക്ഷസനായ
നിരോധിത ലഹരിതൻ മായിക വലയത്തെ
ഒറ്റക്കെട്ടായിട്ടൊറ്റ മനസ്സായി
എതിർത്തു തോല്പിക്കുക എന്നതാണല്ലോ
നമ്മുടെ ഇന്നത്തെ ഏറ്റവും വലിയതാം
ലക്ഷ്യമെന്നുള്ളത് ഓർക്കേണം നമ്മൾ
ലഹരി വിമുക്തമാം ലോകത്തിനായി
നമ്മൾ മക്കൾ തൻ നൻമയ്ക്കുവേണ്ടി
രാജ്യത്തിൻ നല്ലൊരു ഭാവിക്കുവേണ്ടി
ലഹരിക്കെതിരായ് പ്രതിജ്ഞയെടുത്തിട്ട്
ഒറ്റക്കെട്ടായിട്ടൊറ്റ മനസ്സായി
ലഹരിക്കെതിരായി പോരാടിടേണം നാം …..

By ivayana

Leave a Reply

Your email address will not be published. Required fields are marked *