രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരം
മനസ്സിൻ്റെ ഒരു കണം കടം തരുവാൻ
എന്നുടെ മാനസയാനത്തിന്നരികിലായി
സഹൃദയ നിനക്കു നല്ലയൊരിടമുണ്ട്
യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെ
ഇരുളും പകലും വിതാനിച്ച കാലമതാ
അദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽ
മിന്നാമിനുങ്ങുകടെ,ഘോഷമഹായാനവും
മണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയും
രാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരം
തിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻ
ദേവകിന്നര ഗന്ധർവ്വ ചാരണമഖിലം
എന്നുംനമുക്കുള്ളതായിരുന്നുപകലുകൾ
രാവുകൾ ചരാചര രാത്രിഞ്ചരർക്കുമായി
സസ്യലതാദികൾ വീർപ്പുമുട്ടുകയാണിന്ന്
രാവിലുടനീളം കൃത്രിമ വെളിവെട്ടത്തിൽ
ഇന്നില്ലരാവും അദൃശ്യഭയ ചിന്തകളും
എന്നിനിസ്വതന്ത്രമാവുംസസ്യങ്ങളുംരാവും
അറിയാനീനിമിഷം ഊളിയിടാമിരുളിൽ
സംഗീതമാസ്വദിക്കാം ഭീതിത സ്വപ്നം കാണാം
രാവിൻ്റെ രാവിനും പകലിൻ്റെ പകലിനും
ഇരുളിൻ്റെ പൊരുളുംപകലിൻ്റെപൊരുളും
തിരികെലഭിക്കാൻപകലിരവുംയാചിക്കാൻ
തിരികെത്തരുന്നുഞാൻസഹൃദയമാനസം !
