രചന : ദിനേശ് ചൊവ്വാണ ✍
അമ്മയായൊരു നേരമെന്നുടെ അന്തരാത്മാവിൽ,
വന്നുദിച്ചുചിരിച്ചിടുന്നൊരു ചന്ദ്രഗോളം നീ!
എന്റെ സുന്ദരചിന്തകൾക്കു നിറംപകർന്നെന്നിൽ,
പൂത്തുനിന്നതു സൂനമല്ലൊരു പൂവനംപോൽ നീ!
ആർത്തലച്ചൊരു മാരിപോൽ മിഴിയാകെ പെയ്തപ്പോൾ,
ചൂടിയന്നൊരു സാന്ത്വനക്കുടയെന്റെ നെഞ്ചിൽ നീ!
ആശചോർന്നൊരു നാളിലെൻമനമേറെ നൊന്തപ്പോൾ,
ദോഷദൃഷ്ടിയകറ്റുവാൻ നിറമാരിവില്ലായ് നീ!
നോവുതന്നുദരം പിളർത്തിയ നേരമാനന്ദം,
നോമ്പെടുത്തതു കാര്യമെന്നൊരു തോന്നലെനിനുള്ളിൽ!
‘അമ്മ ബന്ധനമാണു ഭാവിയിലെന്നടർത്തുമ്പോൾ
അന്നുതന്നെ തകർന്നു തായ്മനമെന്നൊരാകാശം!
കുഞ്ഞുകാലുകളാലെ നൽകിയ നോവിലല്ലുണ്ണീ!
നെഞ്ചുപൊട്ടിയതന്നു കാതു തുളച്ച നിൻവാക്കിൽ.
എന്തിനോ തുടരുന്നൊരീ നരനോവുകൾ വന്നെൻ-
ചിന്തയാകെയിരുട്ടിലാക്കുകയായൊരീ ജന്മം!