രചന : മേരിക്കുഞ്ഞു ✍
കണ്ണീരടക്കി
മരണംമൊഴിഞ്ഞു
ജീവനോട്
ഒന്നുമേ ഞാനാ –
കുരുന്നിനോട്
മന:പൂർവ്വമായ്
ചെയ്തതേയല്ല
കളികൂട്ടുകാര-
നെറിഞ്ഞിട്ടൊരു
ചെരുപ്പെടുക്കാൻ
മഴനനഞ്ഞ
പരന്ന തകര –
മേൽക്കൂരയിൽ പദം
ഊന്നിയതായി –
രുന്നവൻ നിവർന്ന്
വഴുതിയപ്പോൾ
ജീവനാണുള്ളിൽ
ഉണർന്നലറി –
യുരുവിട്ടത്
” പിടിവള്ളി……”
വള്ളിയിലൂടൊ –
ഴുകിടുന്നതത്രയും
ജീവനത്തിന്
മധുരിമ ചേർക്കും
നിത്യ വിസ്മയ
വൈദ്യുതോർജ്ജം.
അറിഞ്ഞതേയില്ല
ഞാനവനിലേ –
ക്കൂർന്നു വീണത്
സ്നേഹമേ പൊറുക്കുക
തളർന്നൂ മരണം……
സ്വയം ശപിച്ച്
തല കുനിച്ച്
വെറും നിലത്ത്
കുനിഞ്ഞിരുന്നു
മിഴി പരതി
സ്തബ്ധത ചുറ്റിലും;
പകച്ചു പോയി
താൻ പോലുമറിയാത്ത
തന്നിലെ
കൊടും ക്രൗര്യ മോർത്ത്…..
വിണ്ണിലേക്കു നീ
കുഞ്ഞേ മടങ്ങവേ
കണ്ണീരും
തീപ്പിടിച്ചാളുന്നു.
