രചന : ഷാജി കെഎം ✍
“ഇതളുകളുകളൊന്നൊന്നായി വിടർന്നു
മലരുന്തോറും സുഗന്ധമേറ്റി സുഖമുണർത്തുന്ന
പാതിവിരിഞ്ഞ നിശാപുഷ്പമാണെനിക്ക് നീ”
ചെവിയെ മൂടി കഴുത്തിലേയ്ക്കൊലിച്ച
കുറുനിരയെ മാടിമാറ്റി, ചെവിപ്പുറകിൽ
വിരലാൽ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു.
“ഉം”അവൾ മൂളി.
ചെവിമറവിലെ വിരലനക്കങ്ങൾ,
അല്പംകൂടി നേർപ്പിച്ചപ്പോൾ അവൾ
കൂടുതൽ ഇക്കിളിപ്പെടുന്നത് ഞാൻ കണ്ടു.
“ഇനി നീ പറയു പെണ്ണെ…”
പിന്നെയും “ഉം” മൂളിക്കൊണ്ടവൾ തുടർന്നു.
“കിനാക്കോട്ടകളിലെ വിചിത്രകാഴ്ചകൾ
സുഖതരങ്ങളാകുമ്പോൾ പുഞ്ചിരിക്കയും,
ഭീകരങ്ങളെന്നാകുമ്പോൾ വിതുമ്പുകയും
ചെയ്തുകൊണ്ട്, തെല്ലുമലയ്ക്കാതെ
ശാന്തമായുറങ്ങുകയാണ് കടൽപ്പെണ്ണെന്ന്
കാറ്റിനോട് പറഞ്ഞത്, അതുവഴി പോയ
ഒരൊറ്റപ്പക്ഷിയായിരുന്നു.”
“ഉം” ഞാൻ സാകൂതം അവളുടെ
ചൊടിയിണകളുടെ ചലനങ്ങളിലേയ്ക്ക്
മിഴിയെയ്തു.
“ഒറ്റക്കിളിനാദത്തിൽ കുതുകിയായും
ചിറകടിയിൽ അനക്കം കൊണ്ടും കാറ്റ്
മെല്ലെയൊന്നിളകി. മൂകതകൾക്കു
വിരാമമിട്ട്, മഹാസാഗരത്തിന്റെ
ഉൾച്ചൊടിച്ചുവപ്പിലെ ഉമിനീർ
ഈമ്പിയെടുക്കാൻ, കൊതിയോടെയവൻ
ആകാശത്തൂടൊഴുകി. അപ്പൂപ്പൻ
താടിയെപ്പോലും ചലിപ്പിക്കാൻ
ആവാത്തത്രയും സാവധാനമായിരുന്നു
കാറ്റിന്റെയാ ആകാശനീന്തൽ.”
“ഉം എന്നിട്ട്?”
“മലർന്നുവിടർന്ന് മദാലസശയനം
ചെയ്യുന്ന കടലിനു മുകളിൽ
പറന്നെത്തിയ കാറ്റ്, അവളെ നോക്കി
കമിഴ്ന്നു നിന്നു. അവന്റെ വികാരം
വർദ്ധിച്ച നിശ്വാസമേറ്റാവണം
അവളൊന്നനങ്ങി മിഴിതുറന്നു.
കവിളിൽ പ്രണയത്തിന്റെ ചോപ്പും
ഉടലിൽ രതിയുടെ നീലവും പരന്നു.
പ്രിയപ്പെട്ടവന്റെ തനുഗന്ധമേറ്റതോടെ,
അനവദ്യസുന്ദരങ്ങളായ അവളുടെ
കൊങ്കകൾ മഹാമേരുപോലെ
പൊന്തിവിരിഞ്ഞു
നിറഞ്ഞുവീർത്തുകൂർത്തു.
കാറ്റതിന്റെ മകുടങ്ങളിൽ മാറിമാറി
ചുണ്ടമർത്തുകയും രസാഗ്രത്താൽ
കാമ്പുകളിൽ ഉരസ്സുകയും ചെയ്തപ്പോൾ,
ഓളക്കൈകളാൽ അവൾ അവനെ
വാരിപ്പിടിച്ചു..കാറ്റ് പതിയെപ്പതിയെ
മന്ദരഗിരിയെന്ന് പർവ്വതാകാരം പൂകുകയും
എങ്ങുനിന്നോ എത്തിയ കാമദേവൻ,
വാസുകിയിലേയ്ക്ക് പരകായപ്പെട്ട് അവനെ
ചുറ്റിവരിയുകയും ചെയ്തു.”
“ഉം” ഞാൻ പിന്നെയും കൗതുകപ്പെട്ടു.
“ദേവാസുരന്മാർ തലയും വാലും
കൈക്കലാക്കി കടച്ചിൽ തുടങ്ങുവാനുള്ള
കാഹളനാദം കാത്തു നിന്നു.
കാറ്റപ്പോഴും കടലിന്റെ ഉടലളവുകളിലെ
പരതലുകൾ തുടർന്നുകൊണ്ടേയിരിക്കുകയും,
അവളുടെ ചുണ്ടുകളിലെ തേൻകണം
നുണഞ്ഞുകൊണ്ട്, മധുരാധരമെന്ന് കവിത
പാടുകയും ചെയ്തു.”
“ഉം എന്നിട്ട്?” കഥ തുടരാൻ ചുംബനം
തടസ്സമാകുമെന്ന ഭയത്താൽ, മുന്നോട്ടാഞ്ഞ
ഞാൻ പിന്നോട്ടു വലിഞ്ഞു.
വലതുകയ്യാൽ കഴുത്തിനെ വാരിപ്പിടിച്ച്
അവൾ എന്റെ ചുണ്ടുകളിൽ ഉമ്മവെച്ചു,
മെല്ലെ കടിച്ചു.
“ഒരുപാട് നീണ്ടുപോകുന്നുവെന്ന്
അക്ഷമരായും കാത്തിരിക്കാൻ സമയമില്ലെന്ന്
ആക്രോശിച്ചും അനക്കങ്ങളുടെ വലുപ്പക്കുറവിലെ
ദുർഗ്രാഹ്യത സങ്കീർണമാകുന്നുവെന്ന് വിലപിച്ചും
ഒടുവിൽ പ്രാകിയും, ദേവാസുരന്മാർ വാസുകിയുടെ
തലയും വാലും വലിച്ചെറിഞ്ഞ്, ശാപമായ് കിട്ടിയ
ജരാനരകൾ ചുമന്ന്, സ്വർഗ്ഗത്തിലേയ്ക്കും
പാതാളത്തിലേയ്ക്കും പറന്നു.”
“ആഹ.. എന്നിട്ട്?…” ഞാൻ കണ്ണുകൾ
കൂടുതൽ വിടർത്തി.
“തങ്ങൾക്കു കിട്ടിയ ഏകാന്തതയുടെ
സ്വാതന്ത്ര്യകിടക്കയിൽ അവർ യുഗാന്തരങ്ങളോളം
ക്രീഡചെയ്തു രസിച്ചു. ആകാശമാകെ ഈർപ്പപ്പെട്ടു,
ഭൂമിയിൽ നിറയെ മഴപെയ്തു. പൂക്കളും പൂമ്പാറ്റകളും
തളിർത്തു… ആകാശത്തിന്റെ അങ്ങേത്തലയ്ക്കൽ
ഒറ്റപ്പക്ഷി പാട്ടുപാടി. ഭൂമിയിൽ ഒരായിരം
കോടി കളകൂജനങ്ങളുയർന്നു…”
“ഹൊ” ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ
ചുണ്ടിനും മൂക്കിനുമിടയിൽ തൊട്ടുതൊട്ടില്ലെന്ന
മട്ടിൽ ഒരു മുത്തമിട്ടു.
“ഡാ…”
“ന്തോ…”
ഞാൻ അവളിലേക്ക് നടന്നു കയറുകയും
അവൾ എന്നിലേയ്ക്ക് ഇറങ്ങിവരികയും
ചെയ്യുമ്പോൾ, അകിൽമരത്തോട്ടങ്ങളിൽ
നിന്ന് ഊദിന്റെ മണവും ഒറ്റപ്പക്ഷിയുടെ പാട്ടും
ചുമന്ന്, കാറ്റ് കടലിലേയ്ക്ക് നടക്കുകയും
നിലാവതിന് വഴി കാട്ടുകയുമായിരുന്നു.