നടന്നു നടന്നൊടുവിൽ
കിതച്ചും തളർന്നും
കുന്നിൻ മുകളിലെത്തുമ്പോൾ
താഴ്‌വരയുടെ
ആകാശനൊസ്സുകളെ
നോക്കി നോക്കി നിൽക്കുമ്പോൾ
കുളിർന്നു നുരക്കുന്ന
അത്ര കഠിനമായ
പച്ചയുടെ ആഴത്തിലേക്ക്
എനിക്ക് വെറുതെയങ്ങ്
നില തെറ്റിവീഴാൻ തോന്നും..
കാൽച്ചുവട്ടിലാകെ
കാറ്റിന്റെ വേര് മുളക്കും
കാറ്റിന്റെ ഈരില വിരിയും
കാറ്റിന്റെ മരത്തിൽ
പ്രണയത്തിന്റെ
മൺ വാതിലുകൾ
തുറന്ന് വരുന്ന തുമ്പികളപ്പോൾ
കൂട് വെക്കാൻ തുടങ്ങും
ചില്ല നിറച്ചും
വസന്തമുള്ള കാറ്റ്
ഇള വെയിലിന്റെ നൂലിൽ
തുമ്പികൾക്ക്
ചിറകു തുന്നും
താഴ്‌വരയുടെ
ഏറ്റവും അനാഥമായ
മുറിവിൽ നിന്നും
അപ്പോൾ സന്ധ്യ
തുളുമ്പാൻ തുടങ്ങും
തുമ്പികളതിനെ
ചിറകിൽ പുരട്ടിയെടുത്ത്
വിഷാദികളുടെ
ഹൃദയത്തിലേക്ക്
കവിതയെന്ന്
എഴുതാൻ തുടങ്ങും
താഴ്‌വരയുടെ
സൂര്യൻ മരിക്കും മുൻപ്
അതിന്റെ വിഷാദം
ഇലകളിൽ മഞ്ഞയെന്നു
തളിക്കാനും…
അപ്പോൾ ഒറ്റ,ഒറ്റയെന്ന്
ഒരേകാന്തതയതിന്റെ ശൂന്യതയിൽ,മഞ്ഞുപൂശും
ഒരു മഞ്ഞയിലയാവണേ
എന്ന പ്രാർത്ഥനയുടെ
മുനമ്പിൽനിന്ന്
എനിക്കന്നേരം
കരയാൻ തോന്നും
മരിച്ചവരപ്പോൾ
മേഘങ്ങളായി
ആഴങ്ങളിൽ
നിന്നുയർന്നു വരും
സ്നേഹവായ്‌പ്പോടെ
വിരൽ നീട്ടി
എന്നെ മാത്രം തൊടും
എനിക്കപ്പോൾ
പ്രണയത്തിനും
മരണത്തിനുമിടയിലെ
ഭൂമിവിളുമ്പിൽ നിന്നും
ജീവന്റെ കൊതികളെല്ലാം
ഊരി വെച്ച് വെറുതെയങ്ങു
നില തെറ്റി വീഴാൻ തോന്നും
മരിച്ചവരുടെ മുകിൽ..
ആഴങ്ങളിലിരുന്നപ്പോൾ
എന്നെ പേര് ചൊല്ലി വിളിക്കും.

വാക്കനൽ

By ivayana