പഞ്ചാരമണലിൽ
തട്ടിത്തൂവി കിടക്കുന്ന
കക്കകൾ കണ്ടില്ലേ
കാലപ്പഴക്കം കൊണ്ട്
വെളുത്ത നിറമായവയാണ്
കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്
അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്
കടലിൽ മുങ്ങാനൊരുതുന്ന
അസ്തമയ സൂര്യൻ
തണുത്തിട്ടോ എന്തോ
കടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്
താളം തുള്ളി വന്ന
കരിമേഘക്കാറായിരിക്കാം
സൂര്യനെ തള്ളി കടലിലിട്ടത്
ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾ
ചിതറിപ്പരന്നത് ഇരുട്ട്……
കനക്കുന്ന ഇരുട്ടിനെ
ചുരുട്ടിപ്പിടിച്ച്
സന്ധ്യാരാഗം
വിടവാങ്ങാനൊരുങ്ങുന്നു
പഞ്ഞിക്കെട്ടുകൾ
തെറുത്തു കൂട്ടി
ആയത്തിൽ കരയിലേക്കെറിഞ്ഞത്
ഏതു വികൃതിപ്ലയ്യനാകും?
കടലിൻ മുകളിലൂടെ
കരഞ്ഞു വിളിച്ച്
കരയിലേക്കു വരുന്നുണ്ട്
കരയിലേക്ക് അടുക്കുന്തോറും
പഞ്ഞിക്കെട്ടിന്
രൂപപരിണാമം
തീരത്തെ നനച്ചുതിമിർക്കാൻ
ഇപ്പോൾ വരുന്നത്
ചന്തമുള്ള തിരമാലകളാണ്
തീരത്തുവാരിവച്ച കരിങ്കല്ലുകളിൽ തലതല്ലി
പകലിനോട് പോകല്ലേ
എന്നു കൊഞ്ചുകയാണത്
ഹിന്ദിയും തമിഴും
തെലുങ്കും
കന്നഡയും
തനിനാടൻ മലയാളവും
കടലിൽ തിമിർക്കുന്നുണ്ട്
തിരമാലയടുത്തെത്തുമ്പോൾ
വിരണ്ടോടുന്നുണ്ട്
തീരത്തെ ചൂളമരങ്ങളിൽ
ശ്രുതി ചേർത്തുവച്ച്
കാറ്റ് നേർത്ത ശാരീരത്തിൽ
അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി പാടുന്നുണ്ട്
ബജിയും ഐസ്ക്രീമും ഇളനീരും കടലയും
ശീതള പാനീയങ്ങളും
അവിടമാകെ മധുരവും മസാലയും പുരട്ടുന്നുണ്ട്
ഗാർഡുകൾ നീട്ടി
വിസലടിയ്ക്കുന്നുണ്ട്
അനുസരണയില്ലാതെ
കടൽ സ്നാനം മതിയാകാത്തവർ
തിരമാലകൾക്കു പിന്നാലെ ഓടുന്നുണ്ട്
അതിലും വേഗത്തിൽ
തിരകൾക്കു മുന്നാലെ തിരിച്ചോടുന്നുണ്ട്
നോട്ടവും സ്പർശവും
ഐസ്ക്രീം മധുരവും
പങ്കുവച്ച്
കമിതാക്കൾ പരസ്പരപൂരണത്തിൻ്റെ
ബാലപാഠങ്ങൾ കോലുന്നുണ്ട്
പിശറൻ കാറ്റ്
ഓരോ ചൊടികളിലും മുടിനാരിഴകളിലും
മേനിയാകെയും കുളിർകോരിയിട്ട്
വഷളൻ ചിരി
ചിരിയ്ക്കുന്നുണ്ട്
നിയോൺ വിളക്കിൻ്റെ
ശമ്പള വിതാനത്തിൽ
ഓരോരുത്തരായി പിരിയുന്നുണ്ട്
കടലും കാറ്റും തിരമാലകളും
അവിടെത്തന്നെ ബാക്കി കിടക്കുന്നുണ്ട്
ചെറായി കടപ്പുറം
നാളേയ്ക്ക് കൂടുതൽ സുന്ദരിയാകാൻ
ഇന്നേ ഒരുക്കം തുടങ്ങുന്നുണ്ട്.

സ്നേഹചന്ദ്രൻ ഏഴിക്കര

By ivayana

Leave a Reply

Your email address will not be published. Required fields are marked *