രചന : കുന്നത്തൂർ ശിവരാജൻ ✍
നാലഞ്ചു പേർ വന്നു
തായ്ത്തടി നോക്കവേ
ചുറ്റുവണ്ണം പിടിക്കവേ
തേന്മാവിനുള്ളം പിടഞ്ഞു.
ആസന്ന മൃത്യുവിൻ സ്പന്ദനം
കാറ്റും ദലങ്ങളിൽ ചൊന്നു .
തളിരിട്ടു നിന്ന ശാഖകൾ
ഇലമുറിച്ചത്രേ പിടഞ്ഞു.
ഇളം തലമുറക്കാർ നിന്നു
വിലപേശിടുന്നു
തർക്കം നടക്കുന്നു
വാക്കുറപ്പും നടത്തുന്നു.
ഇന്നോളമൊരു നൂറ്റാണ്ട്
നാല് തലമുറക്കാരെ
ഓണത്തിന് ഊഞ്ഞാലിലാട്ടിയ
മുതുമുത്തശ്ശിയാണീ തേന്മാവ്.
പൂക്കുവാനുള്ളിൽ
കൊതിയോടെ നിൽക്കുന്നു.
തേൻകനി വീഴ്ത്തുവാൻ
സ്നേഹവായ്പ്പോടെ നിൽക്കുന്നു.
അരുതെന്നു വന്നു വിലക്കുവാൻ
നന്ദി ഇല്ലാത്തവരാണ് ചുറ്റും.
പക്ഷികൾ വന്നു ചിലക്കുന്നു
അണ്ണാർക്കണ്ണനും തേങ്ങുന്നു.
മരം മുറിക്കാരിവരീയിടെ
നാടാകെ തരിശിടമാക്കവേ
എത്ര പരിചയം കാകനും ,
തൻ കൂട് പോകുമോ? കേണിടുന്നു.
തണലേറ്റു താഴെ കളിക്കാൻ
ഇന്ന് കിടാങ്ങളില്ല.
എല്ലാം ടീവി തൻ മുന്നിൽ
ചമ്രംപടിഞ്ഞങ്ങിരിക്കുവല്ലേ?
മാമ്പഴം ആർക്കാനം വേണോ?
ഏവർക്കും കടകളിൽ കിട്ടും
മാംഗോ ജ്യൂസാണ് പഥ്യം.
താനോ കേവലം പാഴ്ത്തടി!
നാൾ കുറിച്ചു പിരിഞ്ഞവർ
നാലാം നാൾ മുറിക്കുമെന്ന്.
നെഞ്ചൊന്ന് പൊട്ടി മാവിനും
കാറ്റിനും സൂര്യനും മണ്ണിനും!!
