രചന : വർഗീസ് വഴിത്തല✍️.
മതിലുകളില്ലാതിരുന്ന
ഒരു നാട്ടിലാണ് ഞാൻ ജനിച്ചത്..
ആകപ്പാടെയുള്ളത് വേലിച്ചീരയും ചീമക്കൊന്നയുമാണ്..
അപ്പുറവും ഇപ്പുറവും താമസിക്കുന്ന ആളുകൾ
വേലിച്ചീരയുടെ കൂമ്പ് നുള്ളി തോരൻകറി വെയ്‌ക്കും..
എന്റെ വീട്ടിൽ നിന്നാൽ
ഒരു കല്ലേറ് ദൂരത്തായി രാജേഷിന്റെയും ബഷീറിന്റെയും വീട് കാണാം..
ഒരു കൂവലിന്റെ രണ്ടറ്റത്തേയ്ക്കും
ഓടിക്കളിച്ചു തളരുന്ന
ഞങ്ങൾക്ക് ഒരേ വിശപ്പും,
ഒരേ പന്തിയും ഒരേ ഊണും..
ആഴ്ചചന്ത കൂടാൻ അങ്ങാടിയിൽ പോയിട്ട് വരുന്ന
മുതിർന്ന ആളുകളിൽ നിന്നാണ് മതിലുകൾ പണിയുന്നവരെക്കുറിച്ച്
ആദ്യമായി ഞങ്ങൾ കേട്ടത്..
മതിലിനു ഭയങ്കര പൊക്കമാത്രെ…
അധികം താമസിയാതെ അവർ ഞങ്ങളുടെ
ഗ്രാമത്തിലുമെത്തി..
അവർക്ക് ചെമ്മരിയാടിന്റെ മുഖവും
ചെന്നായയുടെ കണ്ണുകളുമായിരുന്നു..
ശത്രുക്കളുടെ ആക്രമണത്തെക്കുറിച്ചും
നാടിന്റെ സുരക്ഷയെക്കുറിച്ചും അവർ വാതോരാതെ സംസാരിച്ചു..
മതിൽ പണിതേ പറ്റൂ.
പണിയായുധങ്ങളും സാമഗ്രികളും
അവർതന്നെ കൊണ്ടുവന്നിരുന്നു..
വേലിച്ചീരകൾ വെട്ടിക്കളഞ്ഞിട്ട്
ഓരോ വീടിനു ചുറ്റും അവർ മതിലുകൾ പണിതു …
പല ആകൃതിയിലും വലിപ്പത്തിലും നിറത്തിലുമുള്ള മതിലുകൾ …
“ഹോ.. എന്തു രസാ മതില് കാണാൻ..”
ഓരോരുത്തരും അവനവന്റെ മതിലിനെക്കുറിച്ച്
ഊറ്റം കൊള്ളാനും
അയൽക്കാരന്റെ മതിലിനെ ദുഷിക്കാനും
തുടങ്ങി..
മതിലുകൾക്ക് പിന്നെയും പിന്നെയും ഉയരം കൂടി..
എനിക്കിപ്പോൾ രാജേഷിനെയോ ബഷീറിനെയോ കാണാൻ കഴിയുന്നില്ല..
മതിലിനപ്പുറത്തു നിന്നും
കറുത്ത പുകയുയരുന്നത് കാണാം..
ഇടയ്ക്കിടെ
കരച്ചിലും ഞരക്കവും പല്ലുകടിയും കേൾക്കാം.
കരിഞ്ഞ മനുഷ്യമാംസത്തിന്റെ മണം മൂക്കിലേക്കെത്തുമ്പോൾ
ഞാൻ ഇങ്ങനെ വിചാരിക്കും..
മതില് പണിയുന്നവരെപ്പോലെ തന്നെ
മതില് തകർക്കുന്നവരും എവിടെയെങ്കിലുമൊക്കെ
ഉണ്ടാവുമല്ലോ..
