ചെയ്യാത്ത തെറ്റിൻ്റെ ശിക്ഷയുമായിട്ട്,
മനമുരുകിക്കഴിയുകയാണിന്നെൻ ജീവിതം…..
ഓർമ്മകൾ മുളച്ചോരാ കാലം മുതൽ തന്നെ
എന്നെ പരീക്ഷിച്ചിടുകയാണല്ലോ നീ ?
ഇനിയും നിൻപരീക്ഷണം തുടരുകയാണെങ്കിൽ
നീ തന്ന ജീവിതം തിരിച്ചെടുത്തീടുമോ?
എല്ലാർക്കുമെന്നും ദുഃഖങ്ങൾ നല്കുവാൻ
ഇനിയുമീ ജീവിതം മന്നിലാവശ്യമോ?
സത്യങ്ങളല്ലാത്ത ആക്ഷേപമേറ്റിട്ടെൻ
ആത്മാവു നീറുകയാണെന്നതറിയാമോ?
കൂരമ്പുകളായി മാറുന്ന പരിഹാസം
ഹൃദയത്തിനേറെ വേദനകൾ നല്കുന്നു
ഇത്രയും ക്രൂരത എന്നോടു ചെയ്തിടാൻ
കാരണമെന്തെന്ന് ഉരചെയ്തിടാമോ നീ?
സങ്കല്പലോകത്ത് പോലുമൊരു ജീവന്
ഇത്രയും പരീക്ഷണങ്ങളരുതെന്ന് പറയട്ടേ…..,
നിൻ പരീക്ഷണങ്ങളേ തീർത്തു കഴിഞ്ഞെങ്കിൽ
ശിഷ്ടമായുള്ളോരു ആയുസ്സിലെങ്കിലും,
നല്ലൊരു ജീവിതചിത്രം രചിക്കുവാൻ
എൻ്റെ മനസ്സിനെ പ്രാപ്തമാക്കീടുമോ?
ഇനിയും നിൻപരീക്ഷണം തീർന്നില്ലായെങ്കിൽ
ക്ഷിപ്രമായ് തന്നെയീ നീ തന്ന ജീവനേ…..
തിരിച്ചെടുത്തിട്ടെന്നെ ഈ ഭൂമിയിൽനിന്ന്,
താമസം വരുത്താതെ സ്വതന്ത്രനാക്കീടണം.
അതിന്നുള്ള ചിത്രഗുപ്തൻ്റെ വരവിനായ്…
സന്തോഷത്തോടിന്ന് കാത്തിരിക്കയാണു ഞാൻ.

By ivayana