രചന : അൻവർ ഷാ ഉമയനല്ലൂർ✍️
നന്ദിയോടിന്നും തുളുമ്പുന്നു കണ്ണുനീർ
സ്പന്ദിച്ചിടുന്നുള്ളിലഴലാർന്ന സിരകളും
കരളാലെഴുതിടുന്നാർദ്രമീ വരികളും
നിഴലായി നിൽക്കുന്നഭയമാം ചിന്തയും
ഹൃത്തിലായില്ലിന്നലിവിൻ പ്രഭാതവും
കൃത്യമായുണരുന്നയാ സ്വപ്ന മുകളവും
താളത്തിൽ സ്പന്ദിച്ചയാ നല്ല കാലവും
കാത്തിരിക്കുന്ന യാ ബാല്യത്തളിരുമി –
ന്നെല്ലാം തകർന്നുപോയണയില്ല കനലുകൾ
തൃണതുല്യമായിക്കരുതില്ലയെങ്കിലും
കരുതൽത്തലോടലെന്നോർത്തയാ നാളുകൾ
നാളങ്ങളായുളളിലാളുന്നു പിന്നെയും
തേൾകുത്തിടുന്നപോലുളളിൽ നിരന്തരം
താരാഗണങ്ങൾ പ്പൊലിഞ്ഞു വീഴുന്നതും
കേഴാതിരിക്കുവാനാകാത്തയാമനം
കാനനവാസം നടത്തുന്നു പിന്നെയും
തേൻപുരട്ടിത്തന്നെയെയ്തതാ,മസ്ത്രവും
ശസ്ത്രക്രിയകൾപോലോർക്കുന്നനുദിനം
പാരിന്റെയോരോ ദുരന്തവും നാൾക്കുനാൾ
തീവ്രമാകുന്ന തേനറിയുന്നു സാദരം
കാതരഹൃദയങ്ങളാരറിയുന്നു ഞാൻ
തീരാൻ തുടങ്ങുന്ന നാളമാണെങ്കിലും
നാളേയ്ക്കു കരുതുന്നുദയമായാർദ്രകം
തീരാത്ത നോവാണുലകിന്റെ ദാനവും
ദീനമായറിയുന്നുദാരമായ് കദനവും
പതനം പ്രതീക്ഷിച്ചിടുന്ന യാ ക്രൂരകം
പ്രേരണയായി ക്കരുതിയോരാ മുഖം
തോരണം കെട്ടി മറച്ചതാം പൊയ്മുഖം
കാരണമില്ലാതടർത്തിയീ കുഡ് മളം
മേളക്കൊഴുപ്പാൽ മറയ്ക്കുന്ന മാനസം
നീരസത്തോടെയിന്നോർത്തു പോകുന്നു ഞാൻ
തീരാക്കടമാക്കി ടില്ലഞാ,നെങ്കിലും
സങ്കടക്കടലിലലയുന്നു പിന്നെയും
അലകളാലാനന്ദ മൊക്കെത്തകർന്നുപോയ്
തട്ടുതാഴ്ന്നെങ്കിലും കദനമാം ഭാരവും
നീറാതിരിക്കില്ല കാലമേ,യാരിലും
തോരാത്ത പേമാരിയേകല്ലെ യീവിധം
കാരാഗ്രഹത്തിൻ ദുരാഗ്രഹം തീരാതെ-
യാരെയോ മാടി വിളിക്കുന്നുവെങ്കിലും
തങ്കക്കിനാക്കൾത്തകർന്നയാ സ്നേഹകം
തിങ്കൾക്കലപോലെ നേർത്തുപോകുന്നതും
ഓർത്തുഞാനഴലിൽക്കിടക്കുമെൻ കവിതകൾ
താഴേക്കൊഴുക്കുന്നറിയാതെയെങ്കിലും
താലമായകലെ നിൽക്കുന്നുദയ സ്വപ്നവും
താളംമുറിഞ്ഞു കേൾക്കുന്നഭയഗാനവും
കാനനമല്ലകമിരുളുന്ന വാസരം
രാവുകൾ താരങ്ങളില്ലാത്ത യോർമ്മകൾ
തീരത്തടുക്കാതിരിക്കില്ല കനവുകൾ
കടലുപോലാർത്തലക്കുന്നുള്ളിലാർദ്രനീർ
ഛിദ്രഭാവത്തിന്റെയാകാരമല്ല യാ,
ഹൃദ്രക്തമാകവേയതിദുഷ്ട ചിന്തകൾ
സന്ധിച്ചിടുന്നില്ല യിന്നിന്റെ പുലരികൾ
വാടിത്തളർന്ന പോൽ നിൽക്കുന്നു നന്മകൾ
താനേയുറങ്ങുന്നയാ, നല്ല നാളുകൾ
തോളുരുമ്മാറില്ല യീ,ദുഃഖ സന്ധ്യയിൽ
വിന്ധ്യാചലംപോലുയരുന്നു ശോകവും
വാനമേ, നീപോലുമേകില്ലെ സ്നേഹവും
മാനസമാരറിയുന്നിവിടെ നാമൊരേ,
നീരണയാത്തതാം മിഴികൾതൻ താരകം
കാരണമെന്തന്നറിയാത്ത മുകുളമായ്
താളത്തിൽ നിൽപ്പാണിളയതാം കൺമണി
സ്മരണാക്ഷരങ്ങളായുണരട്ടെ കാവ്യമേ
നവ്യസ്വപ്നങ്ങൾപ്പകരുനീ സ്നേഹമേ,
കരതലത്തിൽ ത്തിരിച്ചെത്തിച്ച തൂലികേ,
ബാലികയ്ക്കേ കണേയണയാത്ത സ്വപ്നകം
കാരുണ്യവാരിധേ, തേടുന്നു നിൻവരം
നേരുന്നുദയമായ് മാറുന്നയാ,ദിനം
കരുണവറ്റാറില്ല നിറയുന്ന കൺകളിൽ
കാണാക്കദനമായിരുളുന്നു തിങ്കളും
പങ്കിലമാക്കുവാൻ നിമിഷനേരം ക്ഷണം
സങ്കടക്കടലാമോദമേകീടുമോ ?
കാവലായിന്നുമണയുന്നു കവിതകൾ
കനലണയാത്തതാണീ ദുഃഖസന്ധ്യകൾ
പ്രാണനായരികിലിരുപ്പുഞാനെങ്കിലും
തോരുന്നതില്ലയിന്നെൻ സ്നേഹ ഭാജനം
തേടുന്നിടയ്ക്കു ഞാനാരമ്യ നന്മകം
പാരിന്റെയോരോ സ്വകാര്യമാം സ്നേഹവും
കാവ്യമാക്കുന്നു ഞാനണയില്ലെ കനലുകൾ ?
കണ്ണീർക്കണങ്ങളായ് പൊഴിയുന്നു കവിതകൾ.
