രചന : ബീന ബിനിൽ* ✍️.
ഏതോ ജന്മപുണ്യത്തിൻ
പിറവിയിൽ ഭൂമിയാം
വാസയിടത്തിൽ
വിധിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻ
ആവാതെ ഒഴുകുന്ന നദിപോൽ പ്രണയമാം
ഓർമ്മകളെ ശൂന്യമാക്കാൻ അവൾക്കായില്ലല്ലോ,
ഹൃത്തിലെ സ്പന്ദനങ്ങളിൽ ആത്മാവിൻ്റെ
അകത്തളത്തിൽ മൗനമായി പ്രതിധ്വനിക്കുന്ന
നേർത്ത കാറ്റിൻ തലോടലായി വിരഹത്തിൻ നോവിനെ
നഷ്ടത്തിൻ സൃഷ്ടിയെ നിശയുടെ നിശബ്ദതയിൽ
തേങ്ങലായി അവശേഷിക്കുന്നല്ലോ,
പൂനിലാവിലെ ചിരിയിൽ നീയെന്ന
ഹൃദയ താളങ്ങൾ എന്നിലെ ശ്വാസത്തിൻ
അനുഭൂതിയായി പരിണമിച്ചില്ലേ,
ഓരോ മാത്രയിലും
മിന്നിത്തിളങ്ങുന്ന
നമ്മൾതൻ
നിർവൃതിയുടെ സ്ഫുരണങ്ങൾ
എൻ കാതിൽ
കാൽചിലമ്പിൻ കിലുക്കംപോൽ
വന്നു തട്ടവേ,
വാക്കുകൾ കവിതയായ് നിറവാർന്ന
മനസ്സിൽ ദുഃഖമായ് സുഖമായ്
കടലാസുതാളുകളിൽ കുറിക്കവേ,
ത്രിസന്ധ്യയുടെ അരുണിമയിൽ
നിന്നിലും എന്നിലും കുടികൊള്ളുന്ന
വികാരത്തിന്റെ ഞാണൊലികൾ,
വിടർന്നുവരും പൂക്കൾ സുഗന്ധം
നറുഗന്ധവും അനുഭൂതിയും തഴുകുന്നില്ലയോ,
ജീവിതമേ എത്ര ധന്യം ജന്മത്തിന്റെ പരിപൂർണ്ണത
സുഖദുഃഖത്തിൻ ചക്രങ്ങൾക്കിടയിൽ
ചുറ്റുന്ന ഭൂമിയെപോൽ നമ്മളിൽ ഉണരുകയല്ലേ,
ബന്ധനങ്ങളുടെ വൻ ശിഖരങ്ങൾ ഈയൂഴിയിൽ
നാശോന്മുഖമായ് വസിക്കും കാലം നീയും ഞാനും
ജീവിതായനവേളയിൽ ഉണരുന്ന ആത്മാക്കളായ്
അനുഭൂതി തഴുകിയിടും കാലാന്തരത്തിൽ…..