ജീവിതം ചുമക്കാൻ
ഒരു തൊഴിലാളി വേണമെന്ന്
കുറച്ചായി ചിന്തിക്കുന്നു.
അല്ലെങ്കിലും,
അവനവനെ ചുമക്കുന്നത്
എത്ര അഭംഗിയാണ്!
കഷ്ടകാലത്തിന്, അവനതിന്
എന്നെ തെരഞ്ഞെടുത്തു.
തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,
പൂക്കൾ സുഗന്ധിയിൽ
മയങ്ങുന്നതിൻ്റെയോ,
സുഖം അറിയിക്കാതിരിക്കുന്നത്
മനുഷ്യനെന്ന നിലയിൽ
അവകാശ ലംഘനമാണ്.
അതിനെ പാടത്തു കണ്ട
മൈൻഡ് പോലുമില്ലാതെ,
മുഷിയുമ്പോൾ മാറ്റാനാവാത്ത,
അറിയാത്ത ആടകളണിയിച്ച്,
പരലോക വാസത്തിന് അയക്കുമ്പോൾ…
കണ്ണുതുറന്നൊന്ന് കാണ്
എന്നെങ്കിലും പറയേണ്ടതാണ്.
അനുകമ്പാശീലൻ!
എന്നെത്ര ചുംബിച്ചുരുവിട്ടു.
കേൾക്കാത്ത ശബ്ദത്തിൽ,
കാണാത്ത വെളിച്ചത്തിൽ,
പകൽ പോലെ തെളിയുമെന്നെത്ര
കൊതിപ്പിച്ചു.
മുന്നേ പോയവർ കളിച്ച
വിഷയസൂചിക – കളെല്ലാം
മറന്നിട്ട ആയുധങ്ങളായി,
ഒട്ടും മൂർച്ച കൂട്ടി രാകാതെ,
യാതൊന്നും ചെയ്യാതെ,
ഓർക്കാതെ,
ഇപ്പോഴും ഉപയോഗിക്കുന്നു.
ഒടുവിലെത്തെ ഉടുപ്പണിയിക്കുവാൻ,
കണ്ണും പൂട്ടി
കിടന്നു കൊടുക്കേണ്ടതായോ,
അല്ലെങ്കിൽ
പഴയ ഏദൻപഴത്തെ കുറ്റം
പറയേണ്ടതായോ വരുന്നു.
എപ്പോഴുമിങ്ങനെ,
മരണത്തെ കൊണ്ടുപിടിച്ച്
നടക്കേണ്ടവരല്ല നമ്മൾ.
നമ്മെ പിടിച്ചുയർത്തി നീന്താനും,
കിനാവിൽ പായസം വിളമ്പിത്തരാനും
കവിതയുടെ തോളെല്ല്
ചില്ലകളൊടിച്ചു തരാനും
കെല്പുള്ളൊരു കള്ളനെ
പ്രാർത്ഥിയ്ക്കുകയാണ്.
മറ്റെല്ലാം മറക്കുകയാണ്!
■■

വാക്കനൽ

By ivayana