രചന : സുരേഷ് പൊൻകുന്നം ✍️
കാക്ക….
നിന്റെ പിന്നാമ്പുറങ്ങളിൽ വന്ന്
നിന്റെ,
എച്ചിൽ തിന്നുന്ന കാക്കയ്ക്കും
ഉണ്ടടോ…..
ഒരു കഥ…അഥവാ കവിത
എത്ര വേഷങ്ങളാടിയഭിനയിച്ച്
എത്ര മാലിന്യക്കൂനകളിലഭിരമിച്ച്
എത്ര ബലികളിൽ
നിന്റെ, അച്ഛനായും,മുത്തച്ഛനായും
അമ്മൂമ്മയായും അമ്മാവനായും
പേരക്കിടാവായും
പേറാൽ മരിച്ച മകളായും
കള്ളിയായും കാരുണ്യമില്ലാത്തവളായും
പുലഭ്യത്തെരുവിലെ തെമ്മാടിയായും
ആട്ടിയോടിക്കുമ്പോഴും…
ആത്മാഭിമാനത്തിന്- മുറിവേൽക്കുമ്പോഴും
കള്ള നോട്ടമെറിഞ്ഞ്
ക്രാ… ക്രാ…
പിന്നെയും പിന്നെയും നിന്റെ
പിന്നമ്പുറങ്ങളിൽ.. ക്രാ.. ക്രാ..
എന്റെ സഹോയുടെ ചിരകരിഞ്ഞ്
എന്റെ കാഴ്ചയിൽ തൂക്കി
എന്നെ ഭയപ്പെടുത്തുവാൻ നോക്കുന്ന മാനവാ..
ഇല്ല മറക്കില്ലയൊന്നും
നിന്റെ പിണ്ഡം മാത്രമല്ല,
പണ്ടവും കൊത്തി വലിക്കും ഞാൻ
ഞാൻ, കാക്ക, കറുത്ത പക്ഷി.
