രചന : ഗഫൂർകൊടിഞ്ഞി ✍️
ചൂണ്ടക്കൊളുത്തിലൊരു
ചെറുനാക്കിന്റെ
ചതിയിരിപ്പുണ്ടെന്ന്
ചൂണ്ടിക്കാണിക്കയാണ്
ചൂണ്ടക്കോലിനും
ഈറമ്പത്തിന്റെ
അറ്റമില്ലാത്ത നീളത്തിനും
ഇരയുടെ പിടച്ചിലിനും
പൊന്തിന്റെ താഴലിനുമിടക്ക്
മീൻ പിടുത്തക്കാരൻ
ബോധപൂർവ്വമത് മറച്ചു പിടിക്കുന്നു.
അവൻ
ആന്ദോളനമമർന്ന
ജലവിധാനങ്ങളിൽ
മൗനം കുടിച്ചിരിക്കെ
കീഴോട്ട് താഴുന്ന
പൊന്തിൽ മാത്രം
കണ്ണ് നട്ടിരിക്കുന്നു.
പുകയാത്ത അടുക്കളയിൽ
അടുപ്പുകല്ലുകൾ കാത്തിരിപ്പുണ്ടെന്ന
വേവലാതിക്കിടക്ക്
നിസ്സഹായതയുടെ
പിടച്ചിൽ ശ്രദ്ധിക്കാൻ
അവൻ ശ്രമിക്കാറുമില്ല.
എങ്കിലും
ഓരോ ചൂണ്ടയിലും
ഒരു ചെറുനാക്കൊളിഞ്ഞിരിപ്പുണ്ടെന്ന
തിരിച്ചറിവ് നല്ലതാണ്.
