ഇരുൾ കനത്തുറഞ്ഞ
പാതയിലൂടിനിയെത്ര ദൂരം
കാലത്തിലലിഞ്ഞവർ
അന്ത്യമാം ലക്ഷ്യം കുറിക്കുന്നിടമെത്തുവാൻ
ഇനി എത്ര കാതം ?
സംഗര ഭൂവായെന്നോ മനം?
ആയുധമെടുക്കുന്നു
നേർക്കുനേർ നേർക്കുന്നു
ചിന്തകൾ ………
വായ് വിട്ട ചോദ്യത്തിനെന്തേ
ധാർഷ്ട്യപൂർണ്ണമാം മറുവാക്കു
പെയ്തൊഴിച്ചു താതൻ
പുണ്യപൂരുഷനല്ലോ തപോധനൻ….
യജ്ഞശ്രയസ്സ്
പിന്നെന്തിനീവിധമൊരു
തീർപ്പുകൽപ്പിച്ചു തപോധനൻ ?
യജ്ഞ ബാക്കിയായ്…
താതൻ ദാനമേകിയ ഗോക്കളെല്ലാമേ
പാന പേയമില്ലാ ജന്മങ്ങൾ
ദാനസ്വീകർത്താക്കൾക്ക്
ആകുമോ അവയെ പോറ്റാൻ ?
സങ്കടംപുരണ്ട മനസ്സു തൊടുത്തുപോയ് ചോദ്യം
താതനീ പുത്രനെ ആർക്കു ദാനമേകും?
നിന്നെ ഞാൻ ഇക്ഷണം
കാലനു ദാനം നൽകും!!
താമസമെന്യേ മറുപടിയുംതന്നു
ക്ഷിപ്രകോപിയല്ലോ താതൻ!!!
പിതൃശാസനമതല്ലേ
പാലിയ്ക്ക വേണ്ടുമേ പുത്രൻ
ഇന്നീ ഇരുൾവഴി താണ്ടി പോകുന്നേൻ …….
ഞാൻ യമപുരിനോക്കി ഏകനായ്
ഒടുവിലെൻ ലക്ഷ്യം പൂകി
മൂന്നു ദിനരാത്രങ്ങൾ നീണ്ട
കാത്തിരുപ്പതും തീർത്തു
ഇരുളുവടിവം കൊണ്ടപോൽ
വന്നണഞ്ഞു മരണം …….
അല്ലല്ല ധർമ്മദേവൻ വിനീതശിരസ്കനായ് !!
ക്ഷമകേൾക്കുന്നുവോ മഹാമതേ
അൽപ്പപ്രാണിയാം മനുജ ജന്മത്തോടു ഭവാൻ?
അരുതുവിഭോ
കുമ്പിടുന്നേനിവൻ ത്വൽപാദപത്മം ……
സാദരം
ചേർത്തു നിർത്തുന്നു മൂർദ്ധാവിൽ മുത്തുന്നു
സാന്ത്വക്തിയോതുന്നു ദേവൻ
ചെറിയവനു മുന്നിൽ വലിയവൻ ചെറുതാകുന്നു
ആത്മതത്വം വരമായ് നൽകുന്നു…
തിരികെ യാത്രയാക്കുന്നു…
ജ്ഞാനപണ്ഡിതനാം നചികേതസ്സിനെ…
യമധർമ്മൻ !
നേടേണ്ടതു കരഗതമാകുവാൻ
പിറകൊള്ളുമൊരു നേരം
കൂരമ്പുകൾ പോലുമപ്പോൾ
മലർവർഷമായ് തീർന്നേക്കാം
കൈവിടാതെ കാക്കണം ക്ഷമ…..
ആത്മബലം
പാകമായ് പഴുത്തല്ലേ
കനികൾചേർക്കുന്നുമധുരവും !

By ivayana

Leave a Reply

Your email address will not be published. Required fields are marked *