രചന : സഫി അലി താഹ✍️
അത്രയും വേദനയോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്,
രാവിലെയാണ് ആമി വീടിനുള്ളിൽ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോൾ വീണ് കവിൾ മുറിയുന്നത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയിൽ എത്തി. ഞാനും ഇക്കയും ആമിയും.
കമ്പൗണ്ടർ വന്നു മുറിവ് ക്ളീൻ ചെയ്തു. ഇക്ക മോളെ മടിയിൽ വെച്ചിരിക്കുന്നു അയാൾ ക്‌ളീൻ ചെയ്യുന്നു നല്ല മനുഷ്യൻ. നല്ല പെരുമാറ്റം അതിനിടയിലാണ് വേറൊരു ചേച്ചി വന്നത്.
കയറി വരുമ്പോഴേ ഒച്ചപ്പാട്. ഒരു കുട്ടിയെ കാണിക്കാൻ എന്തിനാ രണ്ട് പേര് പുറത്തു പോ കല്പനയാണ് അനുസരിക്കാം.തിരക്കുള്ളപ്പോൾ തീർച്ചയായും ചെയ്യേണ്ട കാര്യവും ആണ് പക്ഷെ അവിടെ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആമിക്ക് അപ്പോഴും ചോര പൊടിയുന്നുണ്ട് അതിന്റെ ടെൻഷനിൽ അവിടെ നിക്കാൻ പറ്റുമോ ഇല്ലയോ എന്നൊന്നും ചിന്ത പോയിരുന്നില്ല.പൈസ കൊടുത്തു കാണിക്കുന്ന പ്രൈവറ്റ് ആശുപത്രി അല്ലല്ലോ ഫ്രീ ആയിട്ട് മരുന്നുവാങ്ങുന്നവർ. അവരോട് എങ്ങനെയും പെരുമാറാം എന്നുണ്ടോ.കുട്ടിയുടെ ഒപ്പം ഒരാൾ മതി ഒരാൾ പുറത്തു നിക്കൂ എന്നവർക്ക് മാന്യമായി പറഞ്ഞൂടെ.
ഇക്ക മോളെ എന്റെ കയ്യിൽ തന്നു പുറത്തിരുന്നു. ഡോക്ടർ വന്നു. പേഷ്യൻസ് അവരോടൊക്കെ എന്തോ തെറ്റ് ചെയ്ത പോലുള്ള പെരുമാറ്റം. ആ ഡോക്ടർ മോളുടെ മുറിവ് പിടിച്ചു രണ്ടു ഞെക്കലാണ്. ചെറിയ കുഞ്ഞല്ലേ ഒരു മയത്തിൽ ഒക്കെ ചെയ്തിരുന്നെങ്കിൽ എന്നാഷിച്ചു പോയി. (റീൽസിൽ ഒക്കെ സ്നേഹനിധികളായ കുഞ്ഞുങ്ങളെ കളിപ്പിച്ചു പരിശോധിക്കുന്ന ഡോക്ടേഴ്സ്നെ കാണാം. അത്രയൊന്നും വേണ്ട കുഞ്ഞുങ്ങളെ കൊഞ്ചിപ്പിക്കാൻ അല്ല അങ്ങോട്ട് പോവുന്നതും പക്ഷെ ഉപദ്രവിക്കാതിരുന്നൂടെ )
പാവം ആമി ആകെ പേടിച്ചു ചുണ്ടൊക്കെ വിതുമ്പി കരച്ചിൽ പിടിച്ചു വെച്ച ഓളുടെ മുഖം. ഉള്ളിൽ മുറിവുണ്ടോ നോക്കണം സർജൻ വന്നുനോക്കി ഒരു സ്റ്റിച് വേണം എന്ന് പറഞ്ഞു പോയി.
സ്റ്റിച് വേണം പറഞ്ഞപ്പോ ഇക്കാക്കും എനിക്കും ഒരു പേടി. ഇക്ക ആദ്യേ ചോദിച്ചിരുന്നു ഇവരുടെ പെരുമാറ്റം ഒക്കെ എന്താ ഇങ്ങനെ ഇതാണ് പ്രൈവറ്റ് ഹോസ്പിറ്റലും ഗവൺമെന്റ് ഹോസ്പിറ്റലും തമ്മിലുള്ള മാറ്റം എന്ന്.
വീണ്ടും ആ ഡോക്ടർ തന്നെവന്നു. സ്റ്റിച് ഇട്ടില്ലേൽ കുഴപ്പം ഉണ്ടോ ഞാൻ ചോദിച്ചു. എന്ത് ചോദിക്കണം എന്നോ എങ്ങനെ ചോദിക്കണം എന്നോ അറിയാത്ത ഒരവസ്ഥ ആയിരുന്നു അവരുടെ പെരുമാറ്റത്തിന്റെ മുൻപിൽ.
എന്നോടാണോ ചോദിക്കുന്നത് നിങ്ങൾക്ക് വേണെമെങ്കിൽ ഇടാം അല്ലെങ്കിൽ ഇടണ്ട നെറ്റിയൊക്ക ചുളിച്ചു പിടിച്ചു എന്തോ ഒരു ഭാവം.എന്താണേലും വേഗം തീരുമാനിക്കണം സ്റ്റിച് ചെയ്താൽ പാട് ഉണ്ടാവുമോ. കവിളിൽ തന്നെ മുറിവ് ആയതു കൊണ്ട് പാട് വീഴുമോ എന്നൊരു പേടി കൂടെ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്ത് പാട് അവർ വീണ്ടും ഒച്ചയിട്ടെന്തൊക്കെയോ പറഞ്ഞു.
വീണ്ടും ഞാൻ ഉള്ളിൽ കയറി മോളെ മടിയിൽ വെച്ചിരുന്നപ്പോൾ നിങ്ങൾ ഇങ്ങനെ മടീൽ വെച്ചിരുന്നാണോ ഞാൻ സ്റ്റിച് ചെയ്യണ്ടേ അവിടെ കിടത്ത് ഡോക്ടർ വീണ്ടും ഭയങ്കര ചൂടിൽ ആണ്. എനിക്ക് അവർ പറയാതെ എങ്ങനെ അറിയാൻ. ആ ബെഡ് ഇല്ലാത്ത കട്ടിലിൽ ഒരു ബെഡ് ഷീറ്റിൽ പൊതിഞ്ഞവളെ കിടത്തി. കാൽ എന്നോട് പിടിക്കാൻ പറഞ്ഞു കൈ പിടിച്ചു വെക്കാൻ ഒരാൾ കൂടെ ഉണ്ട്.
അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു സ്റ്റിച് ചെയ്താൽ പാട് വരുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നം വരുമെങ്കിൽ പറയൂ പാട് അറിയാത്ത രീതിയിൽ ഒക്കെ ഇപ്പോൾ ചെയ്യാൻ കഴിയുമല്ലോ വേറെ കാണിക്കണമെങ്കിൽ ഞങ്ങൾ അങ്ങനെ കാണിക്കാം അതറിയാൻ ആണ് വീണ്ടും വീണ്ടും എന്താണ് മുറിവിന്റെ അവസ്ഥ എന്ന് ചോദിക്കുന്നത്.
പാടില്ലാതിരിക്കാൻ ആണ് സ്റ്റിച് ഇടുന്നത് ഒരു സ്റ്റിച് ഉള്ളൂ ന്ന് അപ്പോഴാണ് ആ ഡോക്ടർ ഒന്ന് അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞു തന്നതെങ്കിലും.
എന്ത് ചെയ്യണം ന്ന് അറിയാതെ ഞാൻ അവളുടെ കാൽ പിടിച്ചു വേറൊരാൾ കയ്യും ഡോക്ടർ മുഖത്ത് ഒരു തുന്നിട്ടു സ്റ്റിച് വെട്ടി ആ ചേച്ചി ക്‌ളീൻ ചെയ്തു. ആമി ആർത്തു കരയുന്നു. അത് കണ്ടിട്ടാവണം കൈ പിടിച്ചു വെച്ചിരുന്ന അവിടുത്തെ സ്റ്റാഫ് മോളെ എടുത്തോ ന്ന് പറഞ്ഞത്. ഞാൻ എടുത്തതും ആ ചേച്ചി ഭയങ്കര ചൂടാവൽ ഒരു കാര്യം ചെയ്ത അത് മുഴുവനാവാതെ ആണോ എടുക്കുന്നെന്നും പറഞ്ഞ്. മോളുടെ മുഖത്ത് പഞ്ഞി വെച്ചൊട്ടിക്കുമ്പോൾ പഞ്ഞി മുഖത്തു നിന്ന് താഴെ ചാടിയപ്പോ ഞാൻ പിടിച്ചത എന്റെ കൈ ഒറ്റ തട്ട്. ഞങ്ങൾ അവിടെ എന്തോ അവരുടെ കാൽ പിടിക്കാൻ ചെന്ന പോലെ.
അതുവരെ ആമിന്റെ അവസ്ഥ കണ്ട് കണ്ണും നിറച്ചു നിന്ന ഞാനാ. എന്റെ ദേഹത്തു തൊട്ടപ്പോൾ ഞാൻ പ്രതികരിച്ചു. എന്താണ് നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് ഇതൊരു ഗവൺമെന്റ് ആശുപത്രി ആയതു കൊണ്ടല്ലേ രോഗികളോട് ഇങ്ങനെ പെരുമാറിയാൽ മതി എന്നുണ്ടോ നിങ്ങൾ ശമ്പളം വാങ്ങി തന്നെ അല്ലെ ജോലി ചെയ്യുന്നത് ഇവിടെ രോഗികൾ പൈസ തരുന്നില്ല എന്നത് കൊണ്ടാണോ ഈ പെരുമാറ്റം ന്ന് ഞാൻ ചോദിച്ചു.
എനിക്ക് കരച്ചിലും ദേഷ്യവും എല്ലാം വന്നു. പടച്ചോൻ സഹായിച്ച് ഇപ്പോൾ ആമിയെ കുറച്ചു പ്രയാസം തോന്നിയാലും ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഞങ്ങൾക്ക് കൊണ്ട് പോവാൻ കഴിഞ്ഞേക്കാം. അങ്ങനെ ഒന്നും കഴിയാത്തയും എത്രയോ മനുഷ്യർ ഉണ്ട്. അങ്ങനെഉള്ളവരെല്ലാം അവരുടെ ആട്ടും തുപ്പും സഹിച്ച് ഓഷാനിച്ചു നിക്കണം എന്നാണോ.
എത്ര സൗകര്യങ്ങൾ ഉള്ള ബിൽഡിങ്ങുകളും ചുറ്റുപാടുമാണ് ആ ആശുപത്രിക്ക്. എത്ര പുരോഗതി വന്നാലെന്ത് വിഷം നിറഞ്ഞ മനസ്സുകളുടെ അടുത്തേക്കാണ് രോഗികൾ ചെന്നു കയറേണ്ടതെങ്കിൽ.ഒരു പ്രതീക്ഷയുടെ പുറത്താണ് വിശ്വാസത്തിന്റെ പുറത്താണ് അങ്ങോട്ട് കയറി പോയത് അത് തെറ്റായി പോയി എന്നിപ്പോൾ തോന്നുന്നു. ആ ചേച്ചിയുടെ പേര് ഞാൻ നോക്കി ശിവന്റെ പത്‌നിയുടെ പേര് ..
മോളെ കാണിച്ചു കഴിഞ്ഞു ഞാൻ ഡോക്ടറോട് പേര് ചോദിച്ചു. എന്താണ് കാരണം പേരെന്തിന് പറയണം എന്നാണവർ ചോദിച്ചത്. ഞാൻ പറഞ്ഞു അറിയാൻ ആണെന്ന്. എന്തിനറിയണം അറിയേണ്ട കാര്യം പറയാൻ ആണവർ പറഞ്ഞത്. എന്റെ മോളെ ചികിത്സിച്ച ഡോക്ടറുടെ പേരെനിക്കറിയണം അത് ചോദിക്കുന്നതും തെറ്റാണോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു.
ഇതിനൊക്കെ പരാതിപെടാൻ പറ്റുമോ. ആരോട് പരാതി പറയണം എന്നൊന്നും എനിക്കറിയില്ല.അങ്ങനെ ചിന്തിച്ചു പോവാൻ മാത്രം അത്രയും സങ്കടവും ദേഷ്യവും ഇപ്പഴും എന്റെ ഉള്ളിൽ ഉണ്ട്.ഇത് എഴുതിയത് കൊണ്ട് ഒരു മാറ്റവും വരാൻ പോണില്ല എന്നും എനിക്കറിയാം. ഇനിയും എന്നെപോലെ ഒരുപാട് പേര് ഓഷാനിച്ചു നിക്കേണ്ടി വരും.അവർ അവരുടെ പെരുമാറ്റവും അത്പോലെ തുടരും ഓരോ മനുഷ്യന്റെയും ദയനീയത ഓർത്തെനിക്ക് കരയാതിരിക്കാൻ കഴിയുന്നില്ല. ഒരാളുടെ കണ്ണീർ പുരണ്ട പണമാണ് നിങ്ങളുടെ സാലറി എങ്കിൽ അത് കൊണ്ട് എന്ത് നേടിയാലും ഒന്ന് മാത്രം ഉണ്ടാവില്ല സമാധാനം എന്നത് സത്യമാണ്.
ആ വിഭാഗത്തെ മുഴുവൻ ഞാൻ അടച്ചാക്ഷേപിച്ചതല്ല. നല്ലവരും ഉണ്ട്. പേഴ്സണൽ ലൈഫ് വരെ മാറ്റി വെച്ച് ഒത്തിരി ത്യാഗം ചെയ്യുന്നവർ.ഒരാളുടെ സമാധാനം കളയുക എന്നതിൽ പരം മറ്റൊരു ദ്രോഹവും മറ്റൊരാളോടും ചെയ്യാനില്ല. നല്ല രീതിയിൽ പെരുമാറിയില്ല എങ്കിലും ചീത്ത രീതിയിലേക്ക് പെരുമാറ്റം മാറിപോവാതിരുന്നെങ്കിൽ. ഒന്ന് ശ്വാസം നിലച്ചാൽ തീർന്നു പോവുന്ന മനുഷ്യർ അല്ലെ നമ്മൾ എല്ലാം.😥
ഇതുപോലുള്ള ഡോക്ടർമാരോട് ഒരു ചോദ്യം, എന്താണ് നിങ്ങൾ പാലിക്കുന്ന എത്തിക്‌സ് ?നമ്മുടെ കുഞ്ഞോൾ ഷെഫിയുടെ പോസ്റ്റാണിത്…..!!
