ആൺ സുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, പെൺകുട്ടി ഈ ലോകത്ത് നിന്നും പോയി!!രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വാർത്തയാണിത്.
പ്രണയമെന്നാൽ സ്വന്തത്തെ ഉപേക്ഷിക്കുക എന്നതാണെന്ന് ആരാണ് പറഞ്ഞത്?
ഒരു ലോഡ്ജിൽ വച്ച് അനാശാസ്യപ്രവർത്തനത്തിന് ആ കുട്ടി സ്നേഹിച്ച റമീസ് അറസ്റ്റിലായിരുന്നു എന്നാണ് വാർത്ത.പ്രായപൂർത്തിയായവർ മറ്റാർക്കും ബുദ്ധിമുട്ടില്ലാതെ റൂമിനകത്ത് ചെയ്ത കുത്സിതത്തിന് എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന ചോദ്യം നിലനിൽക്കുന്നു(😉) എങ്കിലും അതുൾപ്പെടെ അനേകം നെഗറ്റീവ്സ് ഉള്ള അയാളെ പിന്നെയും സ്വീകരിക്കാൻ പെൺകുട്ടി തീരുമാനിച്ചത് പ്രണയമല്ല, വിഡ്ഢിത്തം മാത്രമാണെന്നാണ് എന്റെ അഭിപ്രായം.

അതിന് മുൻപ് പെൺകുട്ടി തന്നെ അവന് സമർപ്പിച്ചത് കൊണ്ട് നിസ്സഹായതയോടെ അവന്റെ തെറ്റുകൾ പൊറുത്തതാണ് എന്നൊക്കെയുള്ള കമന്റ്സ് പറയുന്നത് കാണുന്നുണ്ട്, വാർത്തകളിലും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കാണുന്നുണ്ട്,ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന പ്രവർത്തിയിൽ പെണ്ണിന് മാത്രം എന്ത് തേങ്ങയാണ് നഷ്ടപ്പെടുന്നത് എന്നാണ് ചോദിക്കാനുള്ളത്…..??
അത് അക്‌സെപ്റ്റ് ചെയ്യാനാകാത്ത പെൺകുട്ടികളോട് ഒരേയൊരു ചോദ്യം, വിവാഹത്തിന് ശേഷം ചെയ്യേണ്ടത് വാഗ്ദാനം തന്നതിന്റെ പേരിൽ അതിന് മുൻപ് ചെയ്യാൻ സമ്മതിക്കുന്നത് എന്തിനാണ് ?
താൻ നശിപ്പിക്കപ്പെട്ടു, അവനെന്നെ പറ്റിച്ചു എന്ന യാഥാർഥ്യം പെൺകുട്ടികളിൽ തീർച്ചയായും ട്രോമ വരുത്തുന്നുണ്ട്.

വിലയുള്ളത് തന്നെയാണ് നഷ്ടപ്പെട്ടത് എന്നത് തീർച്ചയാണ്.
നമുക്ക് തടയാൻ കഴിഞ്ഞില്ല എങ്കിൽ നഷ്ടപ്പെട്ടതിന് ശേഷം അറിഞ്ഞാൽ അവരെ നിലനിർത്താനാണ് ശ്രമിക്കേണ്ടത്.നമ്മൾ പറയുന്ന ഓരോ വാക്കും അവരെ സ്വാധീനിക്കും.
കുറ്റപ്പെടുത്തൽ, അവരുടെ ട്രോമയെ ആഴത്തിലെത്തിക്കും.
അവർക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും സ്വന്തത്തെ നശിപ്പിക്കുന്ന ഒന്നിനെയും accept ചെയ്യേണ്ടതില്ല എന്നും ജീവിതം മുന്നോട്ടാണെന്നുമാണ് ഇന്നിൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത്. കാരണം ഇന്നത്തെ തലമുറയിൽ ഫിൽറ്റർ ചെയ്ത് എടുത്താൽ മാത്രമേ ട്രോമ ഇല്ലാത്ത കുട്ടികൾ കാണൂ, അവർക്ക് പീഡനം തന്നെ വേണമെന്നില്ല അതിന് ഒരു ബ്രേക്കപ്പ് ആയാലും മതി.

ഇവിടെ സ്വന്തം കുടുംബത്തേക്കാൾ ആ പെൺകുട്ടിയുടെ സ്നേഹത്തിനും ജീവനും റമീസിന് യോഗ്യതയുണ്ടായിരുന്നോ?
തന്നെ വളർത്തിയ മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപോകുന്ന എത്രയേറെ പെൺകുട്ടികളാണ് ഇത്തരത്തിൽ ഇല്ലാതാകുന്നത്!!അവർക്ക് ലഭിക്കുന്ന ഇരകളുടെ പരിവേഷം ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അവർക്ക് പിന്നെയും പിന്തുടർച്ചക്കാർ ഉണ്ടാകുന്നത്. വേട്ടക്കാർക്ക് എന്താണ് നഷ്ടപ്പെടുന്നത്??
ഇങ്ങനെ പോകുന്ന കുട്ടികളുടെ ദുരവസ്ഥകളുടെ അനുഭവമല്ലേ പെൺകുട്ടികളെ കൺതുറപ്പിക്കേണ്ടത്.

അതോ വഞ്ചനയുടെയും പീഡനത്തിന്റെയും ആരുമില്ലായ്മയുടെയും ശൂന്യമായ ജീവിതമാണോ അവരെ ത്രസിപ്പിക്കുന്നത്? ചിന്തിക്കേണ്ടിയിരിക്കുന്നു.
ഓരോ മാതാപിതാക്കളും മക്കളുടെ കാര്യങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നു. അവർക്ക് പ്രണയമുണ്ടെങ്കിൽ നമ്മോടു പറയാനുള്ള സ്വാതന്ത്ര്യം നൽകണം. അനുയോജ്യമെങ്കിൽ ഒന്നിപ്പിക്കുമെന്നും കൂടെയുണ്ടെന്നുമുള്ള തോന്നൽ അവർക്കുണ്ടാകണം. പഠിക്കേണ്ട സമയത്ത് പഠിക്കണമെന്നും ജീവിതത്തിനു സമയമാകുമ്പോൾ ഉറപ്പായും നിങ്ങളുടെ ഇഷ്ടങ്ങളെ പരിഗണിക്കുമെന്ന് നമ്മുടെ സ്നേഹത്തിന്റെ കൈപ്പൂട്ടുകൾ അവരോട് വാക്കുകളില്ലാതെ സംസാരിക്കണം.

ഒരിക്കൽക്കൂടി, പിതാവ് മരിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു എന്നാണ് ഇതിലെ പെൺകുട്ടിയുടെ അമ്മ പറയുന്നത്. താൻ ജീവിച്ചിരുന്നാൽ അവനെ സ്നേഹിച്ചുപോകും എന്ന് പറഞ്ഞുവെന്നും.
അനാശാസ്യം, പീഡനങ്ങൾ, മതം മാറ്റാൻ നിർബന്ധിക്കൽ, മരിക്കാൻ പറയൽ തുടങ്ങി എത്രയേറെ കാരണങ്ങളാണ് അവനിൽ നിന്നും ഇറങ്ങിവരാൻ…..
ഇവനെപോലുള്ളവരെ ജീവിതം തുടങ്ങുന്നതിന് മുൻപ് തിരിച്ചറിയാൻ കഴിഞ്ഞതാണ് ഭാഗ്യമെന്നും ഇറങ്ങിപ്പോടാ തെണ്ടീ എന്ന് വീറോടെ പറയാനും പെൺകുട്ടികൾ എന്നാണ് ശക്തിയാർജ്ജിക്കുക!!സങ്കടം തോന്നുന്നു.

പ്രണയത്തിന്റെ അടിമപ്പെടൽ മാത്രമല്ല, ഇന്നത്തെ കുട്ടികളിൽ കാണുന്ന ചിന്താശേഷികുറവിനെ നമ്മൾ ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു…..
ടോക്സിക്ക് റിലേഷനുകളിൽ നമ്മുടെ മക്കൾ പെട്ടിട്ടുണ്ടോ എന്ന് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം, അതിനായി അവരോട് സംസാരിക്കണം, എന്തും പറയാനുള്ള അന്തരീക്ഷം വീട്ടിലുണ്ടാകണം. പട്ടിണികിടന്ന് rest ഇല്ലാതെ അവർക്ക് വേണ്ടി അധ്വാനിച്ചത് കൊണ്ട് മാത്രം കാര്യമില്ല എന്നറിയണം.

പ്രണയമെന്നാൽ തന്റെ ജീവനും അന്തസ്സിനും സുരക്ഷ നൽകുന്നതാണ്, സ്വന്തത്തിൽ നിലനിൽക്കാനും പറയാതെ മനസ്സിലാക്കാനും പരസ്പരം ശ്രദ്ധിക്കലാണ്….. അടിമ ഉടമ ബന്ധമല്ല പ്രണയം.

സഫി അലി താഹ.

By ivayana