രചന : മൊയ്തീൻ നേര്യമംഗലം. ✍️
അയൽവാസിയുടെ
വാർക്ക വീടിനപ്പുറം
ചോതിയുടെ ഓലക്കുടിലുണ്ട്
അതാണു ചോദ്യം ചോതിക്ക്.
കുട്ടിത്തോർത്തുടുത്ത്
ചോതി മണ്ണിൽ പണിയുമ്പോൾ
അയൽവാസി കാറിലേറി
ഓഫീസിലേക്കു പോകുന്നതും
ചോതിക്കു ചോദ്യമാണ്.
ടൈയ്യും ഷൂസും ധരിച്ച്
ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കു
തണുത്ത ബസ്സിലയൽവാസിയുടെ
മക്കൾ പോകുമ്പോൾ
ചോതിയുടെ മക്കൾ
മലയാളം മീഡിയത്തിലേക്കു
നഗ്ന പാതങ്ങളായി
ചരലിൽ ചവുട്ടി പോകുന്നതും
ചോതിക്കു ചോദ്യമാണ്.
കപ്പ പുഴുങ്ങിയതും
കാന്താരി ചമ്മന്തിയും
തൊട്ടു പോതിയും മക്കളും
കഴിക്കുമ്പോൾ
അയൽവാസിയും മക്കളും
കുഴിമന്തി കഴിക്കുന്നത്
ചോദ്യമാണു ചോതിക്ക്.
ജനിച്ചതും മരിച്ചതും
ചോദ്യങ്ങളിൽ കുഴിച്ചിട്ടതും
ചോതിക്കു കണ്ണീരിൽ
കലർന്ന മണ്ണിടം മാത്രം.
ചോതിക്കു മാത്രം ചോദ്യങ്ങൾ
അയൽവാസിക്കുത്തരങ്ങൾ.
ദൈവമേ നീയിപ്പോഴും
ചോദ്യങ്ങൾ ചോതിക്കും
ഉത്തരങ്ങൾ അയൽവാസിക്കും
നൽകുന്ന മതമാണിവിടം
ചോതിയുടെ വിധിയും
അലൽവാസിയുടെ വിധിയും
തമ്മിലെത്ര ദൂരം വ്യത്യാസം
വിധിയിൽ ചോദ്യമില്ല
കവിയുടെ വിധി ആരറിയാൻ??
