രചന : മംഗളാനന്ദൻ ✍
വന്നെത്തി”ആഗസ്ററ് പതിനഞ്ചു” വീണ്ടും
ഇന്നഭിമാന മുഹൂർത്തം!
പാരതന്ത്ര്യത്തിന്റെ ഭികരമായൊരു
ഭാരം ചുമന്നു ജനങ്ങൾ.
വർണ്ണ വെറിയുടെ ധാർഷ്ട്യമീനാടിന്റെ
മണ്ണിലടിയുറപ്പിച്ചു.
തോക്കുകൾ ശക്തി പകർന്ന വിദേശികൾ
നാൾക്കുനാൾ ക്രൗര്യം തുടർന്നു.
ഭിന്നിച്ചു തമ്മിലടിച്ച ദേശങ്ങളെ
ഒന്നിച്ചു കാൽക്കീഴിലാക്കി.
വന്നവർ കോളനി വാഴ്ച നടത്തവേ
നിന്നവർ കീഴാളരായി.
നൂറ്റാണ്ടുകൾ കൊണ്ടു നാടിൻ്റെ ഭൂതിയെ
ഊറ്റിയെടുത്തു കിരാതർ.
സ്വത്വബോധത്താലുണർന്ന യുവതയീ
സത്യം തിരിച്ചറിഞ്ഞപ്പോൾ
കോളനിവാഴ്ചയ്ക്കെതിരായിട്ടീനാടു-
നീളെ സമരം തുടങ്ങി.
ദൂഷിതമായ സാമ്രാജ്യത്വമാം ശക്തി
ഭീഷണമായ് ചെറുത്തിട്ടും,
നാൾക്കുനാൾ നാടിൻ്റെ സ്വാതന്ത്ര്യ വാഞ്ഛകൾ
മേൽക്കു മേലെങ്ങും വളർന്നു.
തോക്കുകൾ ചൂണ്ടി ഭരിച്ച വിദേശിതൻ
നേർക്കു ജനത മുന്നേറി.
പേരറിയാത്തവരായിരങ്ങൾ സ്വയം
പോരാട്ടഭൂവിലൊടുങ്ങി.
ഒട്ടേറെ പീഡനമേറ്റ ജനതയ്ക്കു
കിട്ടി സ്വാതന്ത്ര്യമൊടുവിൽ.
പിന്നിട്ടെഴുപത്തിയഞ്ചു സംവത്സരം
അന്നു ലഭിച്ച സ്വാതന്ത്ര്യം.
ഇന്നും കഴുമരങ്ങൾ പറയും കഥ
ഖിന്നനായ് ഞാൻ കേട്ടിരിപ്പൂ.
കാലം സ്മരണയിൽ സൂക്ഷിച്ചിരിക്കുന്നു
“ജാലിയൻ വാലാബാഗെ”ന്നും.
അക്ഷോഭ്യനാം ഭഗത് സിങ്ങെൻ്റെ
യോർമ്മയിൽ
നക്ഷത്രമായ് ജ്വലിക്കുന്നു.
“ഉദ്ദം സിങ്ങെ”ന്ന ക്ഷുഭിതമാം യൗവ്വനം
ഉറ്റു നോക്കുന്നുണ്ടു നമ്മെ.
പിന്നെയും നെഞ്ചിൽ വെടിയേറ്റു വാങ്ങുന്ന
ഖിന്നനാം “ബാപ്പു” വീഴുന്നു.
ഓരോ പുതിയ സ്വാതന്ത്ര്യദിനത്തിലും
നേരിൻ്റെ വേരുണങ്ങുന്നു.
വോട്ടു ബാങ്കിൽ പണം കേറുന്നു നാടിതിൽ
കാട്ടുനീതിക്കു വളമായ്.
എങ്ങുമഴിമതിക്കുള്ള പഴുതുകൾ
ഭംഗിയായ് വച്ചിരിക്കുന്നു.
രാപകൽ ചാണക്യതന്ത്രം പുതുക്കുന്നു
ആപത്തു നാടുവാഴുന്നു.
സന്ധി ചെയ്യുന്നു രാഷ്ട്രീയം മതവുമായ്
ബന്ധങ്ങൾ കൊയ്യുന്നു ലാഭം.
നാടിൻ്റെ കോടികൾ കൊള്ളയടിക്കുവോർ
കേടുകൂടാതിരിക്കുന്നു.
നീതിമാൻ ജാമ്യം ലഭിക്കാതെ കേഴുന്നു
ഭീതി പരക്കുന്നു നാട്ടിൽ.
ധർമ്മാശുപത്രിതൻ തിണ്ണയിൽ ചത്തൊരു
പെണ്ണിൻ ശവം കിടക്കുന്നു.
വണ്ടിക്കു കൂലി കൊടുക്കുവാനില്ലാതെ
തെണ്ടിത്തിരിഞ്ഞൊരു മാരൻ,
പായിൽപൊതിഞ്ഞു തൻ പ്രേയസിതൻ ശവം
തോളിൽ ചുമന്നു നീങ്ങുന്നു.
വീഥികൾ തോറും, കരിഞ്ഞ കിനാവുകൾ
വീണു കിടക്കുന്നു മണ്ണിൽ.
മന്ത്രിമാർ വാരിച്ചൊരിഞ്ഞ വാഗ്ദാനങ്ങൾ
തന്ത്രങ്ങളെന്നറിയുന്നു.
വീണ്ടുമൊരാഗസ്റ്റു പതിനഞ്ചിലെത്തി നാം
വീണ്ടുവിചാരത്തിനായി.
സ്വാർത്ഥം വെടിഞ്ഞു സ്വജീവിതം ഹോമിച്ചു
സ്വാതന്ത്ര്യം നേടിത്തന്നോരേ,
കാത്തു സൂക്ഷിക്കുവാനായില്ല നേട്ടങ്ങൾ,
മാപ്പു ചോദിക്കുന്നു ഞങ്ങൾ!
