രചന : അൻസൽന ഐഷ✍️
എന്റെ പാർട്ണർ. മനോഹരമായി പറഞ്ഞവസാനിപ്പിക്കാൻ ഇത്രയും ഭംഗിയുള്ള വാക്ക് ഏതാണ്.
സത്യത്തിൽ ഈ വാക്കിനൊരു മഗ്‌നറ്റിക്ക് പവർ ഉണ്ട്. തിളങ്ങുന്ന സമ്മാനപ്പൊതിക്കുള്ളിൽ മൂടി വെച്ചൊരു സത്യം അതിലൊളിച്ചിരിപ്പുണ്ട്.
പാർട്ണർഷിപ്പ് കൂടുന്ന രണ്ടു വ്യക്തികളുടെയുള്ളിൽ നിഗൂഢമായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യം.ആ സമാധാനത്തിൽ ജീവിക്കുന്ന രണ്ടു പാർട്ണർമാർ.
അഡ്ജസ്റ്റ്മെന്റ് കൊണ്ട് മതിൽകെട്ടി ഉള്ളിൽ അലങ്കാര ദീപങ്ങൾ തെളിയിച്ചു കെട്ടിയൊരുക്കിയ കൂടാരത്തിൽ എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാൻ പാകത്തിൽ ലാഗേജൊരുക്കി കാത്തിരിക്കുന്നവരുടെ ലോകം.
ബിസിനസ് പാർട്ണർ.. ഒരുപാട് പേരുണ്ട്.ആകെയൊരു ബഹളമായി തുടങ്ങി ചെറിയ ചെറിയ കല്ലുകടിയിലൂടെ ഒഴുകിയൊഴുകി വലിയൊരു പെരുമഴക്കാലത്തിൽ മുഴുവനും ഒലിച്ചു പോകുന്നു ചിലതൊക്കെ.
ചിലതാവട്ടെ തൂണുകൾ പലതായി ഇളക്കിയെടുത്തു രണ്ടു സ്ഥലങ്ങളിൽ സ്ഥാപിച്ചു ആട്ട മത്സരം നടത്തി വെല്ലുവിളികളുമായി മുന്നോട്ട് പായും. ചിലത് കരകയറും. ചിലത് പോന്ന പോക്കിൽ ടിപ്പർ കേറി അരഞ്ഞു പോയിട്ടുമുണ്ടാവും.
ലിവിങ് ടുഗെതർ…
ഒരിക്കലും എന്റെ എന്ന് ചങ്കിൽ കൈ ചേർത്ത് ഉറപ്പിച്ചു പറയാൻ പറ്റാത്ത പങ്കാളി.ആർക്കും ആരെയും നിയന്ത്രിക്കാൻ അവകാശമില്ല.
തികച്ചും സ്വതന്ത്രരായ രണ്ടു വ്യക്തികൾ കേവല ആവശ്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് ഒരു മുറിയിൽ അല്ലെങ്കിൽ ഫ്ലാറ്റിൽ.. വീട്ടിൽ, ഭാര്യ..ഭർത്താവ് ഈ റോളിൽ ജീവിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.
ഒരു നീർക്കുമിളയുടെ ആയുസ് മാത്രം ഉണ്ടാവുള്ളു ചില പാർട്ണർ ഷിപ്പിൽ. ആത്മാർഥത ലവലേശം ഇല്ലാത്ത , മെറ്റീരിയലിസ്റ്റിക്ക് ജീവിതത്തിന്റെ വക്താക്കൾ.
എന്തൊക്കയൊ പരസ്പരം നേടിയെടുക്കാൻ വേണ്ടി മാത്രം ഒന്നിച്ചു കൂടിയവർ. ഒന്നുകിൽ കിട്ടാനുള്ളതും നേടാനുള്ളതും ഒത്തു വന്നു കഴിയുമ്പോൾ ഒരു സുപ്രഭാതത്തിൽ നമുക്ക് പിരിയാം ബൈ.. റ്റാറ്റാ..എന്ന വാക്കിൽ പെട്ടിയും കിടക്കയുമെടുത്തു അടുത്ത സ്ഥലത്തേക്ക് പായുന്നവരുടെ മനോഹരമായ ലോകം.
അങ്ങനെയുള്ള ആളുകളുടെ ആവാസ കേന്ദ്രമായി മാറുന്നു നമ്മുടെ കൊച്ചു കേരളത്തിലെ സിറ്റികൾ.
ആർക്കും ആരെയും ഭയക്കാതെ സ്വന്തം നാടും വീടും വിട്ടു ജോലി, പഠനം എന്നൊക്കെ പറഞ്ഞു ജീവിതം ആസ്വദിക്കാനായി ഇറങ്ങിത്തിരിച്ചവർ.. ഇങ്ങനെയുള്ള ജീവിതത്തിന് വേണ്ടി കാശുണ്ടാക്കാൻ എന്തും ചെയ്യുന്നവരുടെ ലോകം. MDMA പോലുള്ള ലഹരി വസ്തുക്കൾ അടക്കി വാഴുന്ന ലോകം.
ആർക്കും ആരോടും ബാധ്യതയൊ കടപ്പാടോ ഇല്ലാത്ത സ്വന്തം സുഖത്തിന്റെ പുറകെ മാത്രം സഞ്ചരിക്കുന്ന ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത പാർട്ണർമാർ അടക്കി വാഴുന്ന ഇടങ്ങളിൽ, മനസാക്ഷിയും ആത്മാർത്ഥതയും ഉള്ളവരെ പഴഞ്ചന്മാരെന്നു മുദ്ര കുത്തുന്ന, ഭൗതികവാദികളുടെ ലോകം.
പാർട്ണർ ഷിപ് ലോകം.
എന്റെ സ്വന്തമെന്ന് പറയാൻ നാക്കുളുക്കുന്നവരുടെ ലോകം.അതല്ലേ പാർട്ണർഷിപ്.
