വളരെപ്പെട്ടെന്ന് കൂണുപോലെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള തെറാപ്പി സ്ഥാപനങ്ങളും അതില്‍ നിറയുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര തടസ്സം, പഠനവൈകല്ല്യം, ADHD, SPRD പോലുള്ള പ്രശ്നങ്ങള്‍ ഉള്ള രണ്ടോ മൂന്നോ വയസ്സില്‍ കൂടുതലുള്ള കുട്ടികളെയും അവരെ ചികിത്സിച്ചു ഭേതപ്പെടുത്താന്‍ പെടാപ്പാട് പെടുന്ന ചികിത്സകരെയും പലസ്ഥലത്തു ഓടിനടന്നു മനം മടുത്ത മാതാപിതാക്കളെയുമാണ് ഇന്ന് നാട്ടില്‍ നമ്മള്‍ കാണുന്ന ഒരു സാധാരണ കാഴ്ച..

എന്നാല്‍ ഓട്ടിസ്സം ഉള്‍പ്പെടെ മുകളില്‍ സൂചിപ്പിച്ച എല്ലാ കുഴപ്പങ്ങളും ജനന ത്തോടെ തുടങ്ങുന്നവയാണ്. ചികിത്സക്ക് വരുന്നത് പിന്നെയാണെന്ന് മാത്രം. ലോകത്തില്‍ ഒന്നും പൊടുന്നനവേ ശൂന്യതയില്‍ നിന്ന് ഉണ്ടാകുന്നതല്ല. അതിനു മുന്‍പ് ഉണ്ടായിരുന്ന എന്തില്‍നിന്നോക്കെ വ്യത്യാസപ്പെട്ടു ഉണ്ടായി വരുന്നതാണ് ഇവയെല്ലാം. പഠന വൈകല്ല്യം പഠിത്തം തുടങ്ങിക്കഴിഞ്ഞു പെട്ടെന്ന് ഉണ്ടാകുന്നതല്ല, ഇരിക്കാനും, നില്‍ക്കാനും നടക്കാനും കഴിയാത്തതും ഓട്ടിസ്സവും എല്ലാം ജനനം മുതല്‍ രൂപപ്പെട്ടു വരുന്നവയാണ് . ആദ്യഘട്ടത്തില്‍ ഇവയെല്ലാം മറഞ്ഞിരിക്കുന്നു.

“ഓട്ടിസം” “സെറിബ്രല്‍ പാള്‍സി” എന്നോക്കെയുള്ള ഔപചാരികമായ പേര് വളിക്കുന്നത് 2- 3 വയസ്സയിട്ടാണെന്ന് മാത്രം. പക്ഷെ ഈ പേരുകള്‍ വിളിക്കാന്‍ മാത്രം കാത്തിരിക്കാതെ വ്യത്യാസങ്ങള്‍ കാണുന്നത് അനുസരിച്ചു അപ്പോഴപ്പോള്‍ വേണ്ടത് ചെയ്യുന്നതാണ് ബുദ്ധിയും ഔചിത്യവും. അതാണ്‌ പ്രകുതിയിലെ രീതിയും. അത് മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. നമ്മുടെ കുടുംബങ്ങളില്‍ നമ്മള്‍ അറിയാതെ ഈ വിപത്തുകള്‍ വളര്‍ന്നു വരുന്നുണ്ട് എന്ന് സാരം. അത് കുറഞ്ഞത്‌ 10 കുട്ടികളില്‍ ഒരാള്‍ക്ക്‌ വീതം ഉണ്ടാകുന്നുമുണ്ട് .

ഇവയെല്ലാം ശൈശവത്തിന്‍റെ ആരംഭത്തില്‍ത്തന്നെ വിവധ കഴിവുകളുടെ അടിസ്ഥാന ഘടകങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ബന്ധപ്പെട്ട കഴിവുകളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. അതുമൂലം വ്യത്യാസപ്പെട്ട രീതികളും കഴിവുകളും രൂപപ്പെടുകയും ഒരോരോ പ്രായത്തിലും സാഹചര്യത്തിലും പ്രത്യക്ഷമാകുകയുമാണ് ചെയ്യുന്നത്. ഉദാ.: ഓട്ടിസം സാദ്ധ്യതയുള്ള കുട്ടികളിലും ഇല്ലാത്തകുട്ടികളിലും അടിസ്ഥാന കഴിവുകള്‍ ഒരേ തരത്തിലാണ് ഉണ്ടാകുന്നത്. പക്ഷെ അവ ഉപയോഗപ്പെടുത്തുന്നതില്‍ ഇവര്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഓട്ടിസ്സം സാദ്ധ്യത ഉള്ളവര്‍ വ്യത്യാസപ്പെട്ട തരത്തില്‍ ഉപയോഗിക്കുന്നതുകൊണ്ട് അത് അവരില്‍ വ്യത്യാസപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തലച്ചോര്‍ വ്യത്യാസപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങുന്നു – വ്യത്യാസപ്പെട്ടു രൂപപ്പെടുന്നു അങ്ങിനെ കാലക്രമേണ വ്യത്യാസമുള്ള കഴിവുകളും പെരുമാറ്റങ്ങളും അവരില്‍ ഉണ്ടാകുന്നു.

(കുഞ്ഞുങ്ങളുടെ തലച്ചോര്‍ അവര്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ക്ക് അനുസരിച്ചു രൂപപ്പെടാന്‍ ആണ് സൃഷ്ടാവ് ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് ശിശുക്കളുടെ തലച്ചോര്‍ ഭാഗീകമായി മാത്രം നിര്‍മ്മിച്ച (25%) അവസ്ഥയിലാണ് ശിശുക്കള്‍ ജനിക്കുന്നത് തന്നെ..അവരവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങക്ക് അനുസരിച്ചു തലച്ചോര്‍ രൂപപ്പെടാനും വളര്‍ച്ച പൂര്‍ത്തീകരിക്കാനും അങ്ങിനെ അവര്‍ ജീവിക്കുന്ന സാഹചര്യത്തിന് പറ്റിയ തരത്തില്‍ വളര്‍ന്നു വരാനും ആ സാഹചര്യത്തിന് പറ്റിയ നല്ല അതിജീവനം സാദ്ധ്യമാകാനുമാണ് തലച്ചോര്‍ ഭാഗീകമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (ഇന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ മൊബൈല്‍ അനുഭവങ്ങള്‍ അവരുടെ തലച്ചോറില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ ആയിരിക്കും ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ.)

എന്നാല്‍ എല്ലാത്തരം ഭിന്നശേഷിയുടെ കാര്യത്തിലും ആ വ്യത്യാസങ്ങള്‍ ശൈശവത്തില്‍ത്തന്നെ കണ്ടു പിടിച്ചു, വ്യത്യാസപ്പെടുത്തിയ പരിചരണത്തിന്റെ ശരിയായ അനുഭവങ്ങള്‍ കൊടുത്താല്‍ ശരിയായ വഴിയിലേക്ക് അവയെ കഴിയുന്നത്ര തിരിച്ചു വിടാനും ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനും നമൂക്കു കഴിയും എന്ന് നവീന ശാസ്ത്രം പറയുന്നു. ശൈശവത്തില്‍ നമ്മള്‍ നല്‍കുന്ന ചികിത്സയോട്‌ വഴങ്ങാന്‍ സഹായിക്കുന്ന ന്യുറോപ്ലാസ്ടിസിറ്റി ശിശുക്കളില്‍ ധാരാളം ഉണ്ട്‌ . ചായയുടെ ചൂടാറുന്നപോലെ ന്യുറോപ്ലാസ്ടിസിറ്റി ക്രമേണ കുറഞ്ഞു വരുന്നതുകൊണ്ട് പിന്നെയാകട്ടെ എന്ന് കരുതിയാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകും കാരണം വഴക്കം കുറയുന്നതനുസരിച്ച് തലച്ചോര്‍ വ്യത്യാസപ്പെടുത്താന്‍ ബുദ്ധിമുട്ടാകുന്ന തരത്തില്‍ ‘ഉറച്ചു’കൊണ്ടിരിക്കും.

മുന്‍പ് സൂചിപ്പിച്ച അടിസ്ഥാന കഴിവുകളുടെ വ്യത്യാസങ്ങള്‍ കൃത്യമായ നിരീക്ഷണത്തിലൂടെയും ലളിതമായ പരിശോധനകളിലൂടെയും ഓട്ടിസ്സം , സെറിബ്രല്‍ പാള്‍സി തുടങ്ങി മുന്‍പ് പറഞ്ഞ എല്ലാ വ്യത്യാസങ്ങളും ജനനം മുതലേ തന്നെ അറിയാനും വേണ്ടതായ പരിഹാര പരിചരണങ്ങള്‍ തുടങ്ങുവാനും കഴിയും. പണ്ട് നമ്മുടെ നാട്ടില്‍ പണ്ട് നിലനിന്നിരുന്ന ആദ്യത്തെ 90 ദിവസത്തിലെ മാതൃശിശു പരിചരണത്തിനു ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നക്കുന്ന ശാസ്ത്രീയ പിന്‍ബലവും നവീന ശാസ്ത്ര അറിവുകളും സമന്വയിപ്പിച്ച് സാമൂഹതല പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ചു SISU NEST എന്ന പ്രവര്‍ത്തനങ്ങള്‍ SISU രൂപപ്പെടുത്തിവരുന്നു മാതാപിതാക്കളുടെ പങ്ക് ഇക്കാര്യത്തില്‍ പ്രധാനമാണ്.

വിവിധ ഭിന്നശേഷികളെ ശൈശവത്തില്‍ത്തന്നെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്നത്ര പരിഹരിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രവര്‍ത്തനങ്ങള്‍ .”NESTING, NEST & GOLDEN TEST” എന്ന പേരില്‍ കിളിക്കൂട്ടില്‍ കിളിക്കുഞ്ഞുങ്ങളുടെ പരിപാലനത്തിന് സമാനമായ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. “NESTING” (കൂടുകൂട്ടുക) എന്ന കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള തയ്യാറെടുപ്പ് പ്രക്രീയ നമ്മുടെ അമ്മമാരിലും( തലച്ചോറില്‍ പ്രത്യേകിച്ചു) ഗര്‍ഭകാലം മുതല്‍ ഉണ്ടാകുന്നുണ്ട് എന്നത് അറിയപ്പെടുന്ന ഒരു ശാസ്‌ത്ര സത്യമാണ്. അത് നല്ലവണ്ണം പരിപോഷിപ്പിച്ചു നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ശരിയായ തരത്തില്‍ രൂപപ്പെടുത്തേണ്ടത് നമ്മുടെ പ്രകൃതി നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ആണ്.
“ദൈവം പാതി, താന്‍ പാതി”

ഡോ: തോമസ്‌ ഏബ്രഹാം

By ivayana