രചന : എം പി ശ്രീകുമാർ✍️
ഇന്നു തിരുനാളീ മലയാളമണ്ണിൽ
ചിങ്ങം പുലരുന്നു സിന്ദൂര ശോഭയിൽ !!
ഇളനീർക്കുടങ്ങളേന്തി നൽ ചാമര
മെങ്ങും നിറഞ്ഞാടും നാടുണരുന്നിതാ !.
ഒരു വയൽപക്ഷി പാടുന്നു പിന്നെയും
തുമ്പപ്പൂ പുഞ്ചിരി തൂകുന്നു പിന്നെയും
പാണന്റെ പാട്ടുകൾ കേൾക്കുന്നു പിന്നെയും
പാരിജാതപ്പൂക്കൾ ചൂടി മലയാളം
വയൽപ്പൂക്കൾ പൂത്തുലഞ്ഞീടുന്നു നീളെ
വാർതിങ്കൾ പോലെന്റെ നാടൊരുങ്ങീടുന്നു
കാലവർഷപ്പുഴ നീന്തിക്കുളിച്ചീറൻ
മാറാതെ കോൾമയിർക്കൊള്ളുന്ന നാടിനെ
തോർത്തുന്നു മാരുതൻ, പൂർവ്വാംബരത്തി- ലായ്
തങ്കക്കസവാട ചാർത്തുന്നുവാദിത്യൻ
പൊട്ടു തൊടീക്കുന്നു കൗതുകം പ്രകൃതി !
പൂക്കൾ ചൂടിയ്ക്കുവാൻ മാധവമെത്തുന്നു
പാദസ്വരങ്ങളിളകിത്തുളുമ്പുന്ന
പാടലഗാത്രികൾ പുഴകളൊഴുകും
പാല പൂത്തതിന്റെ പരിമളം തൂകി
ചാരുസായംസന്ധ്യാദീപം പകരുന്ന
പാവനമായ് സന്ധ്യാനാമങ്ങൾ ചൊല്ലുന്ന
നാടെന്തിനീവിധ മൊരുങ്ങുന്നുവെന്നൊ
മണ്ണും മനസ്സും മരങ്ങളും പുഷ്പിയ്ക്കും
പൊന്നുതിരുവോണമാഗതമാകുന്നു !
അന്നു പിറന്നാളു വാമനമൂർത്തിക്ക്
അന്നു മഹാബലി മന്നനെഴുന്നള്ളും
അന്നു മലയാളം ചിറകു വിടർത്തി
യാകാശഗോപുരം മുട്ടെ പറന്നിടും
അന്നു നിറപീലിയൊക്കെവിടർത്തിക്കൊ-
ണ്ടാനന്ദനൃത്തങ്ങളാടിടും കേരളം
ആതിഥ്യമര്യാദയൊക്കെയും പാലിച്ചു
മാവേലിമന്നനെയെതിരേറ്റു കൊണ്ട –
ന്നാനന്ദ നിർവൃതി കൊള്ളും മലയാളം !
ഇന്നു തിരുനാളീ മലയാള മണ്ണിൽ
ചിങ്ങം പുലരുന്നുസിന്ദൂര ശോഭയിൽ !
ഇളനീർക്കുടങ്ങളേന്തി നൽ ചാമര
മെങ്ങും നിറഞ്ഞ നാടുണരുന്നിതാ !!
