രചന : പ്രസീദ.എം.എൻ ദേവു ✍️
നിൻ്റെ മരണമറിഞ്ഞ്
എത്തുന്നവരിൽ
ഏറ്റവും
അവസാനത്തെ
ആളായിരിക്കണം
ഞാൻ,
നിന്നെ കുളിപ്പിച്ചു
കിടത്തുന്നതും,
മൈലാഞ്ചിലയിട്ട്
ഒരുക്കുന്നതും,
ഒന്നുമെനിക്ക്
കാണാനാവരുത്,
പളളിക്കാട്ടിലേയ്ക്ക്
ആളുകൾ
ആനയിക്കുമ്പോളും,
മണ്ണിട്ടു മൂടുമ്പോളും,
തസ്ബീഹ്
നമസ്ക്കാരത്താൽ
എല്ലാവരും
കണ്ണടയ്ക്കുമ്പോൾ,
നിന്നെ പൊതിഞ്ഞ
വെള്ളതുണിയിൽ
നിന്ന് ഒരു മുഴം തുണ്ട്
ഞാനാരും കാണാതെ കട്ടെടുക്കും,
ശേഷം തുന്നൽക്കാരിയല്ലാത്ത
ഞാനെനിക്കായ്
അപ്പോൾ തന്നെ
ഒരു മുലക്കച്ച തുന്നും,
ആ തുണി കൊണ്ട്
അവർ പൊതിഞ്ഞു കെട്ടീട്ടും
നിൻ്റെ സ്വേദമൊറ്റുന്നിടമൊക്കെയും
ഞാൻ ഒപ്പി വെയ്ക്കും,
കൺ പീളയും,
ഉമിനീരും,
വിയർപ്പുപ്പും,
ശുക്ലവും,
എല്ലാമെല്ലാം
അതിൽ നനയും,
ശേഷം
പള്ളി കോലായിലെ
ആളൊഴിഞ്ഞ
മൂലയിൽ
മുട്ടു കുത്തി
മെഴുകുതിരി കത്തിച്ച്
നാരായണ നാമജപം
തുടങ്ങും,
ആളുകളെന്നെ
കല്ലെറിയാൻ തുടങ്ങും,
എൻ്റെ ദേവി
നിൻ്റെ പടച്ചോനുമായ്
പ്രണയത്തിലാണെന്ന്
ഞാൻ പുലമ്പി കൊണ്ടേയിരിക്കും,
വാളും ചിലമ്പുമണിഞ്ഞ്
ഉറഞ്ഞാടുന്നവളെ,
ദിക്കറു മന്ത്രത്താൽ
അവൻ ശാന്തയാക്കും,
പടച്ചോനെ
എന്നു വിളിച്ച്
അമ്പലത്തിലെ ആളുകൾ
ഇറങ്ങി വരും,
ദേവിയെ എന്നു വിളിച്ച്
പള്ളിമുറ്റങ്ങൾ
നിറയും,
മതമില്ലാത്ത ദൈവങ്ങൾ
തമ്മിൽ
പരസ്പരം ചുംബിക്കുകയും,
കെട്ടി പിടിക്കുകയും
ഇണ ചേരുകയും ചെയ്യും,
കൂടി നിൽക്കുന്നവരിൽ
പലരും
തൻ്റെ ഇണയെ തിരയും,
അവർ തമ്മിൽ
സൃഷ്ടികൾ നടത്തും,
നിൻ്റെ ഖബറിലേയ്ക്ക്
ഞാനോടിയെത്തും,
മതം വിലക്കിയ നമ്മുടെ
പ്രണയം
മണ്ണിലൊന്നിക്കും,
അവരോ ഭൂമിയിൽ
സ്നേഹം പങ്കു വെയ്ക്കും,
മനുഷ്യരായ് തുടരും….