രചന : സജന മുസ്തഫാ ✍️.
അഴിക്കും തോറും
മുറുകുന്ന കുരുക്കുകൾ പോലെ
കെട്ടുപിണഞ്ഞു കിടക്കുന്ന
മനസ്സിന്റെ ട്രാക്കുകൾ
ഇടയ്ക്കിടെ ചൂളം വിളിച്ചു
കുതിച്ചു പാഞ്ഞു പോകുന്ന
മുഷിഞ്ഞ ചിന്തകളുടെ
ട്രെയിനുകൾ …
ഓർമ്മകളുടെ
ഏതോ ഒരു കംപാർട്മെന്റിൽ
നീയും ഞാനും ഇന്നും
മുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്
ഉള്ളിൽ നിന്നും ഇടയ്ക്കിടെ
വീശിയടിക്കുന്ന
നെടുവീർപ്പുകളുടെ
ഉഷ്ണക്കാറ്റേറ്റ്
ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്
ട്രാക്കിലെ അനാഥ ശവങ്ങൾക്ക്
നമ്മുടെ മുഖഛായയുണ്ടോ ..?
വിധിയുടെ ട്രെയിൻ ഇടിച്ചു
തലപൊട്ടിച്ചിതറിയ നമ്മുടെ
പ്രണയത്തിന്റെ ജഡം
ഇന്നും മനസ്സിന്റെ മോർച്ചറിയിൽ
മരവിച്ചു കിടപ്പുണ്ട്
പാളത്തിലാകെ
തെറിച്ചു വീണ
നമ്മുടെ ചുംബനങ്ങളുടെ
ചോരപ്പാടുകൾ
എവിടെയോ നമ്മൾ
വലിച്ചെറിഞ്ഞ
സ്വപ്നങ്ങളുടെ
ചവറ്റുകൂനയിൽ നിന്ന്
ശവംനാറിപ്പൂക്കളുടെ ഗന്ധം
ഒരിക്കലും
എത്തിച്ചേരാൻ കഴിയാത്ത
സ്റ്റേഷനിലേക്കാണ്
ഒരുമിച്ചുള്ള യാത്ര
എന്നറിഞ്ഞിട്ടും
നമ്മുടെ വണ്ടി വീണ്ടും
നിന്നിലേക്ക് ..
നിന്നിലേക്ക് ..
എന്ന് കിതച്ചു കൊണ്ടോടുന്നു
പ്രിയപ്പെട്ടവനേ ..
പാതിവഴിയിൽ
ഏതു സ്റ്റേഷനിലാണ്
നീ ഇറങ്ങിപ്പോയത് ..?
ഞാൻ ഇന്ന്
നിന്റെ ഓർമ്മകളെ
കുത്തി നിറച്ചോടുന്ന ഒരു
ചരക്കുതീവണ്ടി മാത്രമാണ്
ഇടയ്ക്കിടെ മനസ്സ് പാളം തെറ്റാൻ തുടങ്ങുന്നുണ്ടെങ്കിലും
മരണമെന്ന
അവസാന സ്റ്റേഷനിൽ
നീ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ഞാൻ ഇപ്പൊഴും
ഓടിക്കൊണ്ടേ ഇരിക്കുന്നു
🥰😌❤️🥰