വർണ്ണ വസന്തമായ് നിറയുമെന്നോണമേ,
നന്മയോതുന്നുദയ കാലം
താനേയുണരും മനസ്സുകൾക്കാർദ്രമാം
ഭംഗിയേകുന്നു പ്രഭാതം.
പാടിയെത്തുന്നതാം ഗ്രാമീണ പറവതൻ-
ചിറകടിയൊച്ചയാണെങ്ങും
ഹൃത്തിലൂടൊഴുകുന്നു വർണ്ണാഭ സ്മരണയാ-
യാ, നല്ല സൗഭാഗ്യമിന്നും.
തൊടിയിലൂടോടി നടക്കുവാൻ നിർമ്മല-
സ്നേഹം പകർന്നയെൻ ഗ്രാമം
തുമ്പമലർസ്മിതം പങ്കുവച്ചാ ദിവ്യ-
ചൈതന്യമേകി നന്മാർദ്രം.
താനേ തളിർക്കു മുന്മേഷമോടാ, സ്നേഹ-
ബാല്യം നുകർന്നതാം കാലം
ബാലാർക്കനെന്നപോലേവം തിളങ്ങുന്നു;
ചേലിൽ നിറഞ്ഞു നിൽക്കുന്നു.
സ്മരണാമരന്ദം പകരുമെൻ പുണ്യമേ,
ഹരിതമായ് നിൽക്കുന്നതെല്ലാം
സരളഹൃദയങ്ങൾക്കുണർവ്വുമായണയുവാൻ
കാക്കുന്നു ഗ്രാമീണരെല്ലാം.
തെളിനീർപ്പുഴപോലൊഴുകേണമിനിയു,മാ-
കുളിർനിലാവിൻ രമ്യ സമയം
കരളാൽ കൊതിക്കുന്നുദയമായുണരുവാൻ
തിരുവോണ,നാളിൽ സദയം.
പൂക്കളങ്ങൾ പൂർണ്ണ സ്നേഹാർദ്ര ഹൃദയമായ്
കാക്കുന്നു ഗ്രാമ സൗഭാഗ്യം
നിൽക്കുന്നകമെയിന്നാരിലും സ്നേഹാർദ്ര-
ചിന്തയേകുന്നതിൻ ചിത്രം.
വ്യർത്ഥമാക്കാതേയിരിക്കാം നമുക്കർത്ഥ-
വ്യാപ്തിയോടുദയം കുറിക്കാം;
ഹൃത്താൽ തളിർപ്പിച്ചുണർത്താം സദാരമ്യ-
യോർമ്മത,ന്നാ ഘോഷമാക്കാം.
പൊന്നോണമേ, കൊതിക്കുന്നുദയ സാമ്യമായ്-
ത്തുടരട്ടെ നന്മാർദ്ര കാലം;
നവലോകമൊന്നായിടട്ടെ,യീ ധരണിയിൽ
പുലരട്ടെ സ്നേഹ,സൗഭാഗ്യം.

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *