രചന : അൻവർ ഷാ ഉമയനല്ലൂർ✍
ഓണത്തിൻ തേൻമധുരം നുകരാൻ
ഓർമ്മകളിൽപ്പുതു വർണ്ണം വിടരാൻ
തഴുകി മറഞ്ഞൊരു ബാല്യമതോർക്കാൻ
തിരികെ നടന്നെത്തീടുക ഗ്രാമം;
തേടുന്നോമനകൾ തൻ സ്നേഹം.
ഉണർന്നൊരൂർജ്ജപ്പുഴപോലൊഴുകാൻ
ചിങ്ങനിലാവ് നുകർന്നു രസിക്കാൻ
നിറഞ്ഞ മനസ്സോടൊത്തൊരുമിക്കാൻ
വരുന്നു; പൊന്നോണത്തിൻ നിരകൾ
തളിർത്തു; മനസ്സിൽ ഗ്രാമ സ്മൃതികൾ.
തെളിഞ്ഞു കാലമൊരുദയമൊരുക്കാൻ
വിരുന്നൊരുക്കി മഹോത്സവമാക്കാൻ
കനവുകളിൽപ്പുതു കവിതകളെഴുതാൻ
പറന്നുയർന്നാമോദ പതംഗം;
തിളങ്ങിനിൽപ്പൂ സ്നേഹവസന്തം
മനസ്സിലൊരുത്സവ ഗാനമുണർത്തി,
നഭസ്സിലുമുത്സാഹത്തെയുയർത്തി
കുസൃതികളോടൊത്താടിപ്പാടാൻ
വന്നണയുന്നുന്മേഷത്തിരകൾ;
കൈരളിതൻ നവ പൊന്നോമനകൾ.
തിരക്കുകൾക്കു വിരാമമൊരുക്കി
തിരിച്ചുകൊൾ കാ,യുൾഗ്രാമത്തിൽ
തനിമ നുകർന്നൊരു പുതു ഹൃദയത്താൽ
വളർന്ന മണ്ണിൻ മധുരം നുകരാൻ
തിരുവോണത്തിൻ സദ്യയൊരുക്കാൻ.
ഊഞ്ഞാൽപ്പടിയിലിരുന്നു രസിക്കാൻ
ഈണത്തിൽ തിരുഗീതം പാടാൻ
ഗ്രാമചെരാതു തെളിക്കാൻ സ്മരണകൾ
പങ്കിട്ടേകിയുണർത്താൻ; നന്മകൾ
തീരെയണഞ്ഞതറിഞ്ഞു തെളിക്കാൻ.
സ്നേഹസ്മരണാ പുലരികളുയരാൻ
ബാലമനസ്സിലൊരാർദ്രതയുണരാൻ
എത്തുക; ഗ്രാമ വസന്താരാമം
തേടുന്നത്ര വികാരാധീനം;
സ്നേഹിക്കുകയിതു നിത്യവസന്തം.
മാനസ വല്ലികൾ പുഷ്പിക്കാനായ്,
മാതൃകയോടെയുദിച്ചുയരാനായ്
നൽഗ്രാമത്തെ മറക്കാതണയാം
പൊന്നോണത്തെ വരവേറ്റീടാം,
നന്മോദയമേകുന്നു ഗ്രാമം;
കരുണാർദ്രം, സഹമനസ്സിൻ സ്നേഹം.
