രചന : ജിബിൽ പെരേര ✍️
നിരവധി തവണ കൊല ചെയ്യപ്പെട്ട
മഹാത്മാക്കളാൽ സമ്പന്നമാണ് എന്റെ കവിത.
സത്യമെന്നെഴുതിയപ്പോൾ
ആ കവിതയുടെ നെഞ്ചകം
മൂന്ന് വട്ടമാണ് തുളഞ്ഞുപോയത്.
അടിമത്തതിനെതിരെ
ശബ്ദിച്ചവനും
ചോര ചിന്തിയ ഒരു കവിതയായിരുന്നു.
തൂക്കിലേറ്റപ്പെടുമ്പോഴും
സ്വാതന്ത്ര്യമെന്ന്
ഉറക്കെ
മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നൂ,
ഒരു ചെറുപ്പം കവിത.
അക്കൂട്ടത്തിൽ
ശിരസ്സ് ദാനം ചെയ്തവരുണ്ട്
കുരിശിലേറ്റപ്പെട്ടവർ ഉണ്ട്
വിഷം കഴിച്ചവരുണ്ട്
ആഴിയുടെ ആഴങ്ങളിൽ താണുപോയവരുണ്ട്.
നാടിന് വേണ്ടി
കാടിന് വേണ്ടി
മണ്ണിന് വേണ്ടി
പെണ്ണിന് വേണ്ടി
അങ്ങനെയങ്ങനെ
എത്രയെത്ര പേർ
എന്നാലും
എന്റെ കവിത മരിച്ചില്ല
കൊല്ലപ്പെടുന്തോറും
വീണ്ടും വീണ്ടും പുനർജ്ജനിക്കുന്ന
നേരിന്റെ,
നന്മയുടെ,
ഉറച്ചശബ്ദമാണെനിക്ക് കവിത
