കടുത്ത വേദനയിൽ കടൽ പോലെ
അന്തമില്ലാതെ
കവിതയിലേക്ക്
ഒഴുകി നിറഞ്ഞ
കണ്ണു നീർച്ചാലുകൾ മുഴുവനും കാണാതെ പോയിരിക്കുന്നു…
വരൾച്ചയുടെ വിണ്ട് കീറിയ ദേഹത്തെ
മരുഭൂമികളിൽ നിന്നും അടർത്തി യെടുത്ത്
വരികൾക്കിടയിൽ നട്ട് വെച്ച്
പെയ്യാത്ത മഴയെ ഉപാസിക്കുന്ന
ആഭിചാരിണിയായ
ഉന്മാദം ഉന്മാദ മെന്ന്
ആർത്തട്ടഹസിക്കുന്ന
ആ മന്ത്രവാദിനിയുടെ
മേഘങ്ങൾ
ഓരോന്നും
നാട് കടത്തപ്പെട്ടിരിക്കുന്നു..
കൊടും തണുപ്പിൽ ഉറഞ്ഞു കിടക്കുന്ന
വിരഹം
കാത്തിരിപ്പിന്റെ ഹിമപാളികൾക്കിടയിൽ
ഹൃദയമുദ്ര പോലെ
അടക്കം ചെയ്യപ്പെട്ടിരിക്കുന്നു
കാട് അടക്കം പറച്ചിൽ പോലെ
കിളിർപ്പിക്കുന്ന
കാട്ടു തീയുടെ
വേവ്
മരത്തലപ്പുകൾ മറന്ന് പോകും വിധം
വേരുകളുടെ രഹസ്യ സംഭാഷണങ്ങളിൽ
ദ്രവിച്ചു പോയിരിക്കുന്നു….
പൂക്കാൻ മറന്ന് പോയ പതിനെട്ടു വർഷങ്ങളിൽ
നീലയുടൽ
മറന്ന് വെച്ച കുറിഞ്ഞി
കാലം തെറ്റിയത് പോലെ
വർഷാവർഷം
സ്ഥാനത്തും അസ്ഥാനത്തും
വസന്തത്തോട് കലഹിക്കും വിധം പൂത്ത് കൊഴിയുന്നു…
യാത്ര കൾ തീർത്ഥാടനങ്ങൾ എന്ന് ധരിക്കും വിധം
ചാര നിരത്തോട് സന്ധി ചെയ്യുകയും
ഒടുക്കം പാലായനത്തിന്റെ പതാകയേന്തുകയും ചെയ്യുന്നു..
കൃത്യമായി മിടിക്കുന്ന ഹൃദയത്തെ
എന്ത് വിശ്വസിച്ചാണ് കൂടെ നിർത്തുക…
മുറുകെ പ്പിടിച്ചതൊക്കെ ഊർന്ന് പോയതല്ലാതെ
മറ്റെന്ത് ജീവിതസാക്ഷ്യമാണ്
കവിതക്ക് നൽകാനാവുക

By ivayana