ചിങ്ങപ്പുലരിയെ വരവേറ്റീടാൻ
ചന്തമണഞ്ഞങ്ങെത്തീ കതിരോൻ
ചായക്കൂട്ടുകൾ മാറ്റിമറിച്ച്
ചമയപ്പൂക്കൾ നിരയിൽ നിരന്നു
ഓണക്കാറ്റും ഓണവെയിലും
ഓളമിടുന്നൊരു പുഴയെപ്പുൽകി
ഓണത്തുമ്പികൾ ഓടിയണഞ്ഞൂ
ഓലേഞ്ഞാലി കിളികൾക്കൊപ്പം
തങ്കനിറത്തിൽ വയലേലകളിൽ
താളനിബദ്ധം നെൽക്കതിരാടി
താരകവൃന്ദം ആകാശത്തിൽ
തക്കിട തരികിട താളംതുള്ളി
ആകാശത്തിലൊരൂഞ്ഞാൽ കെട്ടി
ആയത്താലങ്ങാടി രസിപ്പൂ
ആനന്ദത്തിൻ പരകോടിയിലായ്
ആർദ്രമനസ്സുകൾ അലകടൽ പോലെ
പൂക്കളിറുക്കാൻ വല്ലികൾതോറും
പൂവിളികളുമായ് പാറിനടപ്പൂ – ബാലകരെല്ലാം
പൂമുറ്റം ഒരുക്കിക്കൊണ്ട്
പൂക്കളമിട്ട് രസിപ്പൂ ഏവരും
ഓണസ്സദ്യ ഒരുക്കണ്ടേ,
ഓണക്കോടി ഉടുക്കണ്ടേ
ഓണത്തപ്പന് ആദരമേകാൻ
ഓമന നൃത്തം ആടേണ്ടേ
സമത്വ സുന്ദര സങ്കൽപ്പത്തിൻ
സന്ദേശങ്ങൾ പരത്തേണ്ടേ
സുന്ദര സ്മൃതികൾ മനസ്സിൽ തങ്ങാൻ
സുസാദ്ധ്യമായവ ചെയ്യേണ്ടേ

By ivayana

Leave a Reply

Your email address will not be published. Required fields are marked *