രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
ചോര കൊടുത്തും, ജീവൻ ത്യജിച്ചും
പൂർവികർ നേടിയ സ്വാതന്ത്ര്യം
നെഞ്ചുവിരിച്ചും വെടിയുണ്ടകൾ കൊണ്ടും
ത്യാഗം ചെയ്തവർ തന്ന സ്വാതന്ത്ര്യം
ആഘോഷമാക്കി, ആനന്ദമോടെ
അതിന്നു കൊണ്ടാടുമ്പോളോർത്തു പോയി
അവരെന്തു നേടി? അവരെങ്ങു പോയി?
അവരുടെ പാത നാം മറന്നു പോയി…
ത്യാഗവും കരുണയും, സ്നേഹവും സഹനവും
അതായിരുന്നു അവരുടെ സമരായുധം
അതു കുഴിച്ചുമൂടി, തമ്മിൽ കലഹിച്ചു
നമ്മളിന്നാരൊക്കൈയോ ആയിമാറി
നേടിയ സ്വാതന്ത്ര്യം വീതിച്ചെടുത്തു
മനുഷ്യനിന്നിവിടെ പലപല തട്ടിലായി
ജനാധിപത്യമെന്നു പേരിട്ടു നാട്ടിൽ
നടമാടും വ്യവസ്ഥിതി മരവിച്ചു നിന്നു
തമ്മിലടിക്കാനും, തല്ലിപ്പിരിയാനും
തലതൊട്ടപ്പന്മാർ വരെ മുന്നിലായി
വളരുന്ന മക്കളെ വഴിതെറ്റിപ്പഠിപ്പിച്ചു
നിരത്തിലിറക്കാനുള്ള മരുന്നു നൽകി
കണ്ണൊന്നു തുറക്കൂ…യാഥാർത്ഥ്യമറിയൂ
മനുഷ്യനിന്നും മനുഷ്യനു ശത്രുവായി
ഉള്ളവൻ വലുതാവും, പാവങ്ങൾ തലതാഴ്ത്തും
പറ്റിപ്പു കളിയിതു സത്യമല്ലേ?
പറയുന്നതു സത്യം, പറഞ്ഞാലതു കുറ്റം
നേതാക്കൾ കൊയ്യുന്ന ജന്മിമാരോ?
എവിടെയാ സ്വാതന്ത്ര്യം….എവിടെ സമത്വം
തിരയാനിനിയാർക്കും കഴിയുകയില്ല!
കരയുന്ന കണ്ണുമായ്….പതറുന്ന കാലുമായ്
ജനകോടികളിന്നും കാത്തിരിപ്പൂ….
എവിടെയാ സ്വാതന്ത്ര്യം? എവിടെ സമത്വം?
ഇനിയെന്നാ ദിവസം വന്നു ചേരും?
