രചന : സതി സുധാകരൻ പൊന്നുരുന്നി.✍️
ഓണം വരുന്നെന്നു കേട്ടപ്പോൾ തൊട്ടേ
വഴിയോരത്തുമ്പയ്ക്കു ചാഞ്ചാട്ടം
നീയറിഞ്ഞില്ലേടി മുക്കുറ്റിപ്പെണ്ണേ
തിരുവോണത്തപ്പൻ വരവായി
പൂക്കളിറുക്കേണം പൂമാല കെട്ടേണം
കുരുത്തോല കൊണ്ടൊരു പന്തൽ വേണം
പൂക്കളം വേണം പൂവട വേണം
പൊന്നോലക്കുടയുoകരുതേണം
കാതിൽകുണുക്കിട്ട് പൂത്തനുടുപ്പിട്ട്
തിരുവോണപ്പാട്ടുകൾ പാടേണം.
തിരുവോണമുണ്ണുവാൻ തൂശനിലയിട്ട്
തുമ്പപ്പൂ പോലുള്ള ചോറു വേണം
പാലട വേണം പാൽപ്പായസം വേണം
ഉപ്പേരി നാലുതരത്തിൽ വേണം.
മാവേലി മന്നന്റെ കൂടെയിരിക്കുവാൻ
കൂട്ടുകാരെല്ലാരും കൂടെ വേണം.
ഒരുമനമുള്ളൊരു മാനവരാകേണം
മാവേലി വാണൊരു കേരളത്തിൽ.
