രചന : സി. മുരളീധരൻ ✍️
എൺപത്തിമൂന്നേ മുപ്പത്തെട്ടാക്കി നിന്നെഞാനാ
വിണ്ണിനെ നോക്കി ചിരി തൂകുവാൻ ശ്രമിക്കുന്നു
ഉണ്മയെ തേടി പ്രപഞ്ചത്തിൻ്റെ വൈചിത്ര്യത്തെ
കണ്ണിലും ഉൾക്കണ്ണിലും കാണുവാൻ യത്നി ക്കുന്നു
വാർദ്ധക്യം വർദ്ധിപ്പിച്ചു വ്യക്തമായി പ്രബുദ്ധത
വിജ്ഞാനം വിശ്വസ്നേഹ വൈശിഷ്ട്യം സഹിഷ്ണുത
എങ്കിലും ഇല്ലാതാകും ദേഹം, ഞാൻ ആത്മാവായി
താരകക്കൂട്ടത്തിലെ പ്രിയരെ കൂടെക്കൂട്ടും
ദേഹമില്ലാത്തോർക്കെന്തിന്നായുധം പ്രപഞ്ചമാം
ആ മഹാ ചൈതന്യത്തി ൻ ശക്തിയുൾക്കൊ ണ്ടോരല്ലേ!
സൃഷ്ടിയും സംഹാരവും സ്ഥിതിയും വിനോദമായി
സ്പഷ്ടമായനുഷ്ഠിച്ച് ലോകപാലനം ചെയ്യും
അലയും പ്രപഞ്ചത്തിൽ എങ്ങു മേ സമാധാനം
ഹനിക്കും തമോരൂപം ഒക്കെയും ഇല്ലാതാക്കും
എങ്ങഹങ്കാരം ധാർഷ്ട്യം ജന്മ ദേശത്തെ ദേഷ്യം
ചങ്ങാത്തം നശിപ്പിക്കും ഗൂഢ തന്ത്രത്തിൻ ഭാഷ്യം
പോങ്ങുന്നുവെങ്കിൽ ചെന്നങ്ങവയെ നശിപ്പിക്കും
മങ്ങാത്ത സ്നേഹം തമ്മിൽ തമ്മിൽ മർത്യരിൽ ചേർക്കും
പിന്നെയീ വസുന്ധര തന്നിലേക്കെത്താൻ വീണ്ടും
ഉന്നമിട്ടെല്ലാവർക്കും സദ്ഗതി വരുത്തീടും
നേരുന്നു സുഖ വാഴ് വ് കൂട്ടരേ വീതിക്കുവാൻ
സ്നേഹമേ എനിക്കുള്ളൂ മോഹങ്ങൾ ഒതുക്കട്ടെ
ജീവിതം, മരണവും, മാധുര്യ മാക്കാനുളള
വാക്കുകൾ തേടി തേടി ചിന്തയിൽ ലയിക്കട്ടെ!
ആശംസകളോടെ,
🙏🏻
