ആഴത്തിന്മേലിരുൾ മാത്രം,
അനക്കമറ്റ പാതിരാ
അക്കരയ്ക്കു കടത്താനാ-
യാളില്ലാ വള്ളമൂന്നുവാൻ
തനിച്ചുതുഴയാമെന്ന
തീരുമാനമെടുത്തു ഞാൻ
ഒഴുക്കിൻ ചുളിവിൽക്കുത്തി-
ത്തെന്നിയാറുമുറിക്കവേ
ഇക്കരയ്ക്കു കടക്കാനാ-
യൊരാൾ കട്ടയിരുട്ടിൽ
നിന്നിരുകൈകളുയർത്തുന്നു-
ണ്ടാരാണവ്യക്തമാമുഖം.
കാത്തിരുന്നതുപോൽ, വള്ള-
പ്പടി കേറിയിരുന്നയാൾ
ഒന്നും നോക്കാതെ പിന്നോട്ടേ-
ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.
കടമ്പു ചാഞ്ഞു നിൽക്കുന്ന
കടവിൽക്കൊണ്ടിറക്കവേ
പടർന്ന മിന്നലിൽക്കണ്ടൂ
കടത്തുകാരനാണയാൾ.
മുഖത്തേക്കൊന്നു നോക്കാതെ
മുട്ടറ്റം നീരിലേക്കയാൾ
ഇറങ്ങി വേഗമെങ്ങോട്ടോ
നടന്നുനീങ്ങി മാഞ്ഞുപോയ്.
വീണ്ടുമക്കരെയെത്തുമ്പോൾ
ഓരോവട്ടവുമിങ്ങനെ
പലരും കാത്തുനിൽക്കുന്നു
തുഴഞ്ഞൂ പകൽ തേടി ഞാൻ.
രാവൊടുങ്ങുന്നതേയില്ല,
പകരം മറ്റൊരാൾ വരും
നാളിനെക്കാത്തിരിക്കുന്ന
കടത്തുകാരനായി ഞാൻ.
■■■
വാക്കനൽ

By ivayana