രചന : രശ്മി നീലാംബരി ✍️
ഉള്ളൊഴുക്കുകൾ തീർത്ത
വർദ്ധിത വീര്യത്തിന്റെ
മൊഴിമാറ്റം പോലെ
തടയണകൾ തകർത്ത്
സ്വാതന്ത്ര്യമാഘോഷിച്ച
പുഴയ്ക്കടിയിൽ നിന്ന്
യന്ത്രക്കൈ
അവളെ മാന്തിയെടുക്കുകയായിരുന്നു.
കാണാച്ചങ്ങലകളുടെ
സിംഹ ഗർജ്ജനങ്ങളെപ്പറ്റി
ഭയമെന്ന തുരുത്ത്
വിട്ടോടിപ്പോകുന്ന പെൺകുട്ടിയുടെ
കാലടികളേൽക്കുമ്പോൾ
വിശാലമാക്കപ്പെടുന്ന
ഭൂഖണ്ഡങ്ങളെപ്പറ്റി
ഓരോ തൂവലും കോതി മിനുക്കുന്ന
പ്രതീക്ഷകളുടെ കരുത്തിനെപ്പറ്റി
അവൾ വാചാലയായി.
മുട്ടറ്റം വെള്ളത്തിൽ നിന്നവൾ
പുഴയോട്,
പുഴയോട് മാത്രം
രഹസ്യങ്ങൾ കൈമാറി.
അതിരുകളൊക്കെ
ഉടയ്ക്കേണ്ടതാണെന്നാ –
ണവളുടെ ഭാഷ്യം.
ചില അതിർത്തികൾ
ഭേദിക്കാനുള്ളതല്ല പെണ്ണേയെന്നും
പറഞ്ഞാപ്പുഴ വഴക്കിട്ടൊഴുകുമപ്പോൾ.
തിരിച്ച് കയറുമ്പോൾ
കരയിൽ
രഹസ്യങ്ങളെ മാന്തിയെടുത്ത്
പുറത്തിടുന്ന
യന്ത്രക്കയ്യനെ കണ്ട്
അവളൊന്ന് പിടഞ്ഞിരുന്നു.
